മലപ്പുറം: കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ പുതുക്കി ഒരു വിഷു കൂടി. കൊവിഡ് രോഗവ്യാപനവും ലോക് ഡൗണും വിഷുവിന്‍റെ പൊലിമ നഷ്‌ടപ്പെടുത്തിയെങ്കിലും രോഗപ്രതിരോധത്തിന്‍റെ പ്രതീക്ഷകളോടെയാണ് കേരളീയര്‍ ലളിതമായെങ്കിലും ഇത്തവണ വിഷു ആഘോഷിക്കുന്നത്.
മലയാളിയുടെ പുതുവര്‍ഷമാണെങ്കിലും വടക്കന്‍ കേരളത്തിലാണ് വിഷുവിന്‍റെ ആഘോഷങ്ങളേറെയും. തേച്ചൊരുക്കിയ ഓട്ടുരുളിയും അരിയും നെല്ലും പാതി നിറച്ച്, അലക്കിയ മുണ്ടും പൊന്നും വാല്‍ക്കണ്ണാടിയും വെള്ളരിയും കണിക്കൊന്നയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച് വെച്ച നിലവിളക്കുമൊക്കെയായി മലയാളികള്‍ വിഷു ആഘോഷിക്കുന്നു. കൃഷിയും കാര്‍ഷിക ജീവിതവും ഗ്രാമീണതയുമൊക്കെ കൈവിട്ടുപോയെങ്കിലും ആ കാലത്തെ മുഴുവന്‍ പുതുതലമുറ ഒരു ഉരുളിയിലേക്ക് ഒരുക്കിവെക്കുന്നു. പ്രത്യേകം തയ്യാറാക്കിയ അപ്പം, അട എന്നിവ കണി വെക്കുന്ന പതിവും വടക്കന്‍ കേരളത്തിലുണ്ട്. പിന്നീടിത് കുട്ടികള്‍ക്ക് വിതരണം ചെയ്യും. കണികാണലിനും വിഷുകൈനീട്ടത്തിനും ശേഷം ആഘോഷത്തിന്‍റെ മണിക്കൂറുകളാണ്. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആണ്ടുപിറപ്പിനെ വരവേല്‍ക്കുന്നു. കാര്‍ഷികോത്സവമെന്ന നിലയില്‍ ഒരു കാലത്ത് വിത്തിറക്കാനും വയലില്‍ ചാല് കീറാനും സമയവും കാലവും നിര്‍ണയിക്കുന്നതും വിഷുവിനായിരുന്നു.
എന്നാല്‍ കൊവിഡിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഇത്തവണ വിഷുവിപണി തളര്‍ന്നെങ്കിലും കിട്ടാവുന്ന പച്ചക്കറികളും കണിവിഭവങ്ങളും സംഘടിപ്പിച്ച് മലയാളികൾ കണിയൊരുക്കി. പടക്കം പൊട്ടിക്കലും പൂത്തിരി കത്തിക്കലുമൊന്നും ഉണ്ടായില്ല. തിന്മക്കെതിരെ നന്മ നേടിയ വിജയത്തിന്‍റെ ആഘോഷം കൂടിയായ വിഷുദിനത്തില്‍ ലോകം മുഴുവന്‍ കീഴടക്കി കൊണ്ടിരിക്കുന്ന മഹാമാരിയെ ചെറുത്തുനില്‍ക്കാനുള്ള ശ്രമത്തിലാണ് മലയാളികളും. കൊവിഡ് രോഗമുക്തിയുടെ പുതിയ പുലരി കണി കാണാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.