മലപ്പുറം: വേങ്ങര കുറ്റൂർ പാടശേഖരത്തിൽ നിന്ന് കടലുണ്ടി പുഴയിലേക്ക് ഒഴുകുന്ന കൈതത്തോടിന് കയർ ഭൂവസ്ത്രം വിരിച്ചു. 30 വർഷത്തോളമായി മണ്ണു മൂടികിടന്ന തോട്ടിലാണ് മണ്ണ് നീക്കി കയർ ഭൂവസ്ത്രം വിരിച്ചത്. ഇതോടെ 150 ഏക്കർ തരിശ് ഭൂമിയിൽ കൃഷിയിറക്കാമെന്ന പ്രതീക്ഷയിലാണ് കുറ്റൂർ പാടത്തെ കർഷകർ.
വേങ്ങര ബ്ലോക്ക് പഞ്ചായത്താണ് രണ്ട് കിലോമീറ്റർ നീളത്തിലുള്ള കൈതത്തോട് വൃത്തിയാക്കി കയർ ഭൂവസ്ത്രം വിരിച്ച് മനോഹരമാക്കിയത്. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന തുടങ്ങിയ പദ്ധതികൾ വഴി 59 ലക്ഷം രൂപ ചിലവഴിച്ചാണ് തോട് വൃത്തിയാക്കിയെന്ന് വേങ്ങര അസിസ്റ്റന്‍റ് കൃഷി ഡയറക്ടർ പ്രകാശ് പുത്തൂർ മഠത്തിൽ പറഞ്ഞു.