മലപ്പുറം : താന്‍ നിയമസഭ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ വിഷമം അതിശയിപ്പിക്കുന്നതെന്ന് പി.വി അൻവർ എം.എല്‍.എ. ജനപ്രതിനിധിയായിരിക്കാന്‍ കഴിയില്ലെങ്കില്‍ അന്‍വര്‍ രാജിവെച്ച് പോകണമെന്നും അല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വി.ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. ഇതിനാണ് അന്‍വറിന്‍റെ മറുപടി.
നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് രാഹുൽഗാന്ധി ഉൾപ്പടെ കോൺഗ്രസിന്‍റെ മുഴുവൻ സംസ്ഥാന, ദേശീയ നേതാക്കന്മാരെയും കൊണ്ടുവന്ന് പ്രചരണം നടത്തിയിരുന്നു. കിട്ടാവുന്നതിൽ ഏറ്റവും നല്ല സ്ഥാനാർഥിയെ നിർത്തി. എന്നിട്ടും പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അന്നെല്ലാം താന്‍ നിയമസഭയില്‍ എത്തരുതെന്നായിരുന്നു നിങ്ങളുടെയൊക്കെ ആഗ്രഹം.
'വി.ഡി സതീശന്‍റെ സഹായവും ഉപദേശവും വേണമെന്നില്ല'
എന്നാല്‍ ഇപ്പോള്‍ സഭയില്‍ കാണാത്തതിനാണ് വിഷമം. ഇങ്ങനെയുള്ള കോണ്‍ഗ്രസുകാര്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം. വ്യക്തിപരമായി തന്നെ ഇല്ലാതാക്കാൻ നോക്കിയ കോൺഗ്രസാണോ ഇത് പറയുന്നത്. താങ്കളുടെ നേതാവ് രാഹുല്‍ ഗാന്ധി രാജ്യം വിട്ടുപോകുമ്പോള്‍ എവിടേക്കാണ് യാത്ര ചെയ്‌തതെന്ന് പാര്‍ട്ടിക്കാര്‍ക്ക് പോലും അറിയില്ല.
ആ നേതാവിന്‍റെ അനുയായിയാണ് താങ്കളെന്ന് മനസിലാക്കണം. വയനാട്ടില്‍ നിന്നും ജയിച്ചുപോയ രാഹുല്‍ എപ്പോഴാണ് അവിടെയെത്താറ്. ആ മണ്ഡലവുമായി അദ്ദേഹത്തിനുള്ള ബന്ധം എന്താണ് എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ മറുപടി പറയാന്‍ അങ്ങ് ബാധ്യസ്ഥനാണ്.
നിയമസഭയില്‍ എപ്പോള്‍ വരണം, എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തനിക്കറിയാം. അതിന് താങ്കളുടെ സഹായവും ഉപദേശവും വേണമെന്നില്ല. ജനങ്ങള്‍ തന്നെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ അവരോടുള്ള കടമ നിറവേറ്റാന്‍ താന്‍ ബാധ്യസ്ഥനാണ്. ഇന്ന് നിറവേറ്റുന്നുണ്ട്, നാളെയും നിറവേറ്റുമെന്നും അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
ALSO READ: രാഹുലും പ്രിയങ്കയും ലഖിംപുരില്‍ ; കൊല്ലപ്പെട്ട മൂന്ന് കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കും