മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതിൽ പ്രതിഷേധമുയർത്തി പ്രതിപക്ഷ സർവീസ് സംഘടനകൾ. നിയമനം അനിശ്ചിതത്വത്തിലായതോടെ ഭരണതലത്തിലും അക്കാദമിക രംഗത്തും ആശങ്കയും താളപ്പിഴവും ഉണ്ടായിരിക്കുന്നതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. സര്‍വകലാശാലയില്‍ സ്ഥിരം വൈസ് ചാൻസലറില്ലാതായിട്ട് ആറു മാസം പിന്നിടുമ്പോഴും പുതിയ വിസിയെ നിയമിക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായില്ല. വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അന്തിമ പട്ടിക മെയ് 18ന് സമർപ്പിച്ചിട്ടും തീരുമാനം വൈകുകയാണ്.
സംസ്ഥാന സർക്കാറും ഗവർണറും വിസി നിയമന വിഷയത്തിൽ വ്യത്യസ്ത നിലപാടുകളിലായതിനെ തുടർന്നാണ് അനിശ്ചിതത്വത്തിലായതെന്നാണ് ആക്ഷേപം. എംജി യൂണിവേഴ്സിറ്റി അധ്യാപകനെ കാലിക്കറ്റ് വിസിയാക്കണമെന്നാണ് സർക്കാർ താൽപര്യം. എന്നാൽ ബിജെപി നോമിനിയായ അധ്യാപകനു വേണ്ടിയുള്ള ബിജെപി സമ്മർദത്തിന് മുന്നിൽ തീരുമാനമാകാതെ നീളുകയാണ് നിയമനം. പാനലിൽ യോഗ്യരായ അപേക്ഷകരുണ്ടായിട്ടും നിയമനം വൈകുന്നത് സർവകലാശാലയുടെ ദൈനംദിനപ്രവർ ത്തനത്തെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിരിക്കുകയാണ്. കാലിക്കറ്റിന് കീഴിൽ റഗുലർ - വിദൂര വിദ്യാഭ്യാസ മേഖലയിലായി ലക്ഷകണക്കിന് വിദ്യാർഥികളുണ്ട്. നിർണായക വിഷയങ്ങളിലെ ഫയലുകളിൽ പലതും തീർപ്പാക്കുന്നതിൽ സ്ഥിരം വിസിയുടെ അഭാവം തടസമാകുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ വേഗത്തിൽ നിയമനം നടത്താൻ ഗവർണർ തയ്യാറാകണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
ഉയർന്ന യോഗ്യത മാനദണ്ഡമാക്കി മെറിറ്റ് അടിസ്ഥാനത്തിൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിച്ച് വിസിയെ നിയമിക്കാൻ സാങ്കേതിക തടസമില്ലെന്നിരിക്കെ നിയമനം വൈകിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ 18 നാണ് സെർച്ച് കമ്മറ്റി പാനൽ ഗവർണർക്ക് സമർപ്പിച്ചത്. എല്ലാ യോഗ്യതയിലും മുൻപന്തിയിലുള്ള നിയമന ലിസ്റ്റിലെ പട്ടികജാതിക്കാരനെ തഴയാൻ നീക്കം നടക്കുന്നതായും ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഗവർണർ ഇക്കാര്യത്തിൽ അദ്ദേഹത്തിന്‍റെ വിവേചനാധികാരം ഉപയോഗിച്ച് രാഷട്രീയത്തിനധീതമായി മെറിറ്റ് അടിസ്ഥാനത്തിൽ വിസിയെ നിയമിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.