മലപ്പുറം: വാഴക്കാട് മാണിയോട്ട് മൂലയിൽ കുരങ്ങ് ശല്യം രൂക്ഷം. വീട്ടിൽ കയറി സാധനങ്ങൾ മോഷ്ടിക്കുന്നുവെന്ന് മാത്രമല്ല ഉണ്ടാക്കി വച്ച ഭക്ഷണം വരെ എടുത്ത് കൊണ്ട് പോകുകയാണ്. പേടിയോടെയാണ് സ്ത്രീകളും കുട്ടികളും ഇവിടെ കഴിയുന്നത്. കുരങ്ങുകളെ ഓടിക്കാൻ ശ്രമിച്ചാൽ ആക്രമിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
ഓടിളക്കിയാണ് കുരങ്ങുകള്‍ വീടിനുള്ളില്‍ കയറുന്നത്. കൂടാതെ മറ്റ് വീടുകളിലെ എയർ ഹോളിന് ഉള്ളിലൂടെയും ഇവ അകത്ത് കടക്കുന്നുണ്ട്. ഇതിന് പുറമെ വലിയ കൃഷി നാശവും കുരങ്ങുകള്‍ വരുത്തുന്നുണ്ട്. കാടിയത്ത് കുന്ന് മലയിൽ നിന്നാണ് കുരങ്ങുകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി വരുന്നത്. കുരങ്ങ് ശല്യം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഫോറസ്റ്റ് ഓഫീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.