മലപ്പുറം: വണ്ടൂരിലെ അങ്കണവാടി കെട്ടിട ഉദ്ഘാടനം വിവാദമാകുന്നു. കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിനെതിരെ രക്ഷിതാക്കളും ഡിവൈഎഫ്‌ഐയും പ്രതിഷേധവുമായി രംഗത്തെത്തി. മൂന്ന് പദ്ധതികളിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം ചോർന്ന് ഒലിക്കുന്നതിനിടയിലാണ് വണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാജിത ഉദ്ഘാടനം ചെയ്‌തത്. കെട്ടിടത്തിന്‍റെ ചോർച്ച അടക്കുകയും, കുട്ടികൾക്ക് ശുചിമുറി സൗകര്യം ഒരുക്കുകയും, വൈദ്യുതി കണക്ഷൻ ലഭ്യമാക്കുകയും ചെയ്‌ത ശേഷം ഉദ്ഘാടനം നടത്തിയാൽ മതിയെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കരാറുകാരനെ സഹായിക്കുന്ന നിലപാടാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാവ് പി.അരുൺ പറഞ്ഞു.
കാര്യങ്ങൾ മനസിലാക്കാതെയാണ് പ്രതിഷേധക്കാർ ഉദ്ഘാടനം മാറ്റിവെക്കാൻ പറയുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാജിത പറഞ്ഞു. അങ്കണവാടിക്ക് പത്ത് ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിക്കാൻ കഴിയില്ല. അതിനാൽ കെട്ടിടത്തിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കിണറിന് സമീപം കുഴിയെടുത്ത് വെള്ളം ഒഴുക്കി കളയാം. ചുറ്റുമതിൽ നിർമാണം പുരോഗമിച്ചു വരുന്നു. ശുചിമുറി ഉടൻ നിർമിക്കും. വയറിങ് പൊതുമരാമത്ത് വകുപ്പാണ് നടത്തുന്നത്, അതിനാൽ ഉദ്ഘാടനം വിവാദമാക്കേണ്ടെന്നും സാജിത പറഞ്ഞു.
എന്നാൽ കെട്ടിട നിർമാണത്തിൽ കരാറുകാരനുണ്ടായ വീഴ്‌ച മറക്കാൻ വേറെ ഫണ്ടല്ല ആവശ്യം കരാറുകാരനെ കൊണ്ട് തന്നെ തകരാർ പരിഹരിച്ച് ഒരാഴ്‌ച കഴിഞ്ഞ് ഉദ്ഘാടനം നടത്തിയാൽ മതിയെന്ന് പ്രതിഷേധക്കാർ പറഞ്ഞെങ്കിലും ഉദ്ഘാടനം നടത്തി പ്രസിഡന്‍റ് മടങ്ങി. വികസന പ്രവർത്തനങ്ങൾ നടക്കുന്നതിലുള്ള അസൂയയാണ് പ്രതിഷേധത്തിന് കാരണമെന്ന് വാർഡ് അംഗം നിയാസ് ബാബു പറഞ്ഞു. സംഭവം വിവാദമാകുമെന്നറിഞ്ഞതോടെ വണ്ടൂർ എംഎൽഎ എ.പി അനിൽ കുമാർ ഉദ്ഘാടനത്തിന് എത്തിയില്ല. തുടർന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം നിർവഹിച്ചത്.