മലപ്പുറം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പേജിൽ ഇടം നേടിയതോടെ നാട്ടിൽ താരമായി ലബീബ്. മലപ്പുറം കാളികാവ് അടക്കാകുണ്ട് ക്രസന്‍റ് ഹയർ സെന്‍ക്കഡറി സ്‌കൂളിലെ ഭിന്നശേഷിക്കാരനായ പ്ലസ് വൺ വിദ്യാർഥി ലബീബ് ഉപജില്ല കായിക മത്സരത്തിന് മുന്നോടിയായി ലോങ്ങ്ജമ്പ് പരിശീലിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്ക്‌വെച്ചത്. ഈ ദൃശ്യം പങ്കുവെച്ച് ലബീബിനെയും കായികാധ്യാപകൻ ഇപി ആഷിഖിനെയും വാനോളം പുകഴ്ത്തുകയാണ് വിദ്യാഭ്യാസ മന്ത്രി.
ഉപജില്ല കായിക മത്സരത്തിന് മുന്നോടിയായുള്ള പരിശീലന ദൃശ്യങ്ങൾ അധ്യാപകരിലാരോ മൊബൈലിൽ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇത് ശ്രദ്ധയിൽ പെട്ട വിദ്യാകിരണം ജില്ല കോ-ഓഡിനേറ്ററായ എം മണി വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
പരിമിതികളെ പിന്നിലാക്കി കായിക മേളയ്ക്കായുള്ള പരിശീലനത്തിൽ ലബീബ് ലോങ്ങ്ജമ്പ് പരിശീലിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ലബീബിൻ്റെ ഈ നേട്ടത്തിൽ കയ്യടി നേടുകയാണ് കായികാധ്യാപകനായ ആഷിഖ്. പത്താം വയസിൽ മാത്രം നടക്കാൻ തുടങ്ങിയ ലബീബിന്‍റെ ഇപ്പോഴത്തെ മാറ്റത്തിന്‍റെ പിന്നിൽ കാളികാവ് മോണിങ് വാക്കേഴ്‌സ് കൂട്ടായ്‌മയാണ് പ്രധാന പങ്ക് വഹിച്ചിട്ടുള്ളത്.