മലപ്പുറം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ റവന്യൂ ജീവനക്കാരന്‍റെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വിജിലൻസ് റെയ്ഡ് നടത്തി. നിലമ്പൂര്‍ താലൂക്ക് ഓഫീസ് ക്ലര്‍ക്ക് ഉമ്മറിന്‍റെ ക്വാര്‍ട്ടേഴ്‌സിലാണ് റെയ്ഡ് നടത്തിയത്. വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ട് ഉമ്മര്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് തിരികെയെത്തി റെയ്ഡുമായി സഹകരിച്ചു. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ ഡിവൈ.എസ്.പി എസ്.ഷാനവാസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. രാവിലെ 7.15 നാണ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള 29 അംഗ സംഘം ഉമ്മറിന്റെ വീട്ടിൽ പരിശോധനക്കെത്തിയത്. വീട്ടില്‍ നിന്ന് 60 രേഖകൾ വിജിലൻസ് പിടിച്ചെടുത്തു. ഈ രേഖകൾ പരിശോധിച്ച ശേഷം മാത്രമേ തുടർ നടപടികൾ ഉണ്ടാകുവെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
രണ്ടു വർഷം മുൻപ് കരുളായി വില്ലേജിൽ ജോലി ചെയ്യുന്ന സമയത്ത് കൈക്കൂലി വാങ്ങി എന്ന പരാതിയിൽ പരിശോധന നടക്കുന്ന സമയത്തും ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. അന്ന് ഇയാളുടെ മേശക്കുള്ളില്‍ നിന്നും പണമടങ്ങിയ പഴ്‌സ് കണ്ടെത്തിയിരുന്നു. നിലമ്പൂർ താലൂക്ക് ഓഫീസിൽ ജോലി ചെയ്തു വരികയായിരുന്ന ഇയാൾ ഒരാഴ്ച മുൻപാണ് സർവ്വേ വിഭാഗത്തിലേക്ക് മാറിയത് . രാവിലെ 7.15ന് തുടങ്ങിയ പരിശോധന വൈകുന്നേരം നാലു മണിക്കാണ് അവസാനിച്ചത്. പിടിച്ചെടുത്ത രേഖകളിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ ഉണ്ടെന്നാണ് സൂചന.