മലപ്പുറം: കുടുംബശ്രീ ജില്ലാമിഷനും കോട്ടക്കൽ നഗരസഭയും സംയുക്തമായി ചെങ്കുവെട്ടിയിൽ ഒരുക്കിയ 'ഉമ്മാന്‍റെ വടക്കിനി' ഭക്ഷ്യമേളയിൽ മന്ത്രി തോമസ് ഐസക് അതിഥിയായെത്തി. കോട്ടക്കലിൽ മൂന്നുദിവസം നീണ്ടുനിന്ന ഭക്ഷ്യമേളയിലായിരുന്നു മന്ത്രി ഞായറാഴ്ച ഉച്ച ഭക്ഷണം കഴിച്ചത്. ഭക്ഷണപ്രിയർ ഏറ്റെടുത്ത ഉമ്മാന്‍റെ വടക്കിനിയിൽ ഉച്ചഭക്ഷണം കഴിക്കാൻ മന്ത്രിയെത്തുമെന്ന് അറിഞ്ഞ് വിഭവസമൃദ്ധമായ ഭക്ഷണം സംഘാടകർ ഒരുക്കിയിരുന്നു. മന്ത്രി ആവശ്യപ്പെട്ട ചക്ക വിഭവങ്ങളുടെ സൗഹൃദ സദ്യ ഒരുക്കിയാണ് സംഘാടകർ മന്ത്രിയെ സ്വീകരിച്ചത്. ജില്ലയിലെ കുടുംബശ്രീ പ്രവർത്തനം മികച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, നഗരസഭ അധ്യക്ഷൻ കെ കെ നാസർ, ജില്ലാ കോഡിനേറ്റർ ഹേമലത എന്നിവർ മന്ത്രിയെ സ്വീകരിച്ചു. ഒരു മണിക്കൂറോളം മേളയിൽ ചെലവഴിച്ച മന്ത്രി സ്റ്റാളുകളും സന്ദർശിച്ചു. മലപ്പുറം കലക്ടർ ജാഫർ മാലിക്കും കുടുംബത്തോടൊപ്പം ഭക്ഷ്യമേള സന്ദർശിച്ചു.