മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിലെ കരാർ ജീവനക്കാർക്ക് രണ്ട് മാസത്തെ ശമ്പളവും ഓണബത്തയും മുടങ്ങിയതിൽ പ്രതിഷേധം ശക്തമാകുന്നു. മെഡിക്കൽ കോളജിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്‌സ്, സെക്യൂരിറ്റി, റേഡിയോഗ്രാഫ് ജീവനക്കാർ, ലാബ് ടെക്നീഷ്യന്മാർ, തുടങ്ങിയ വിഭാഗങ്ങളിൽ ഉള്ളവരാണ് രണ്ട് മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും കിട്ടാത്തതിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജീവനക്കാർ സൂചന സമരം നടത്തി. ശമ്പളം ആവശ്യപ്പെട്ട് നിരവധി തവണ അപേക്ഷ നൽകിയിട്ടും പരിഹാരമായില്ലെന്നും ജോലി ഭാരത്തിനൊപ്പം ശമ്പളവും ഇല്ലാതായതോടെ ജീവിതം വഴിമുട്ടുന്ന സ്ഥിതിയാണെന്നും ഇവർ പറയുന്നു.
മെഡിക്കൽ കോളജിൽ സ്ഥിരം ജീവനക്കാരുടെ ഇരട്ടിയിലധികമാണ് കരാർ ജീവനക്കാരുടെ എണ്ണം. കൊവിഡ് പ്രത്യേക ആശുപത്രിയാക്കിയതോടെ ആശുപത്രി വികസന സൊസൈറ്റിയുടെ വരുമാനം നിലച്ചതാണ് ശമ്പളം മുടങ്ങാൻ കാരണം. ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് സൂപ്രണ്ടിന് ഒരാഴ്ച മുന്‍പ് നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സൂചന സമരവുമായി ജീവനക്കാർ രംഗത്തെത്തിയത്. ശമ്പളം ഇനിയും നീണ്ടാൽ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.