മലപ്പുറം: രണ്ടര വർഷത്തിലധികമായി വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് തുവ്വൂർ പഞ്ചായത്ത് പതിനാലാം വാർഡിലെ ഇരുപത് കുടുംബങ്ങൾ. കാലങ്ങളായി ഇവിടുത്തുകാർ ഉപയോഗിച്ചിരുന്ന വഴി രണ്ടര വർഷം മുൻപ് കുടിശ്ശിക അടച്ചില്ല എന്ന കാരണത്താൽ റയിൽവേ അടച്ചിട്ടതോടെയാണ് കുടുംബങ്ങൾ ദുരിതത്തിലായത്. വഴി തുറക്കാൻ മുന്നിട്ടിറങ്ങുന്നവർക്കേ വോട്ടൊള്ളു എന്ന നിലപാടിലാണ് ഇരുപത് കുടുംബങ്ങൾ.
തുവ്വൂർ കമാനത്തിങ്ങലിലെ കേരള ഗ്രാമീൺ ബാങ്കിന് പിറകിലെ 20 വീടുകൾക്ക് മുൻപിലും വഴി തുറക്കാൻ മുന്നിട്ടിറങ്ങുന്നവർക്കേ വോട്ടൊള്ളു എന്ന നോട്ടീസ് കാണാം. റെയിൽവേയുടെ അധീനതയിലുള്ള വഴിക്ക് പത്ത് വർഷത്തെ കുടിശിക അടയ്ക്കാത്തതിനാൽ രണ്ടര വർഷം മുൻപാണ് റെയിൽവേ വഴി അടച്ചത്. ഏകദേശം അഞ്ച് ലക്ഷം രൂപയാണ് കുടിശ്ശികയായി അടയ്ക്കേണ്ടത്. സാധാരണ കുടുംബങ്ങൾ ആയതു കൊണ്ട് തന്നെ ഭാരിച്ച തുക അടയ്ക്കുക എന്നത് പ്രയാസകരമാണ്. വഴി റയിൽവേ അടച്ചതോടെ ഇത്രയും കുടുംബങ്ങളിലേക്ക് ഇരുചക്രവാഹനങ്ങൾ പോലും എത്തില്ല. അതിനാൽ തന്നെ രോഗം ബാധിച്ചവരേയും മറ്റും 800 മീറ്റർ ചുമന്നാണ് വാഹനങ്ങൾ എത്തുന്ന കമാനം വരെ എത്തിക്കുന്നത്.
പല രാഷ്‌ട്രീയ പാർട്ടികളും യോഗങ്ങളും മറ്റും ചേർന്നതല്ലാതെ കുടുംബങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ രംഗത്തെത്തിയില്ല എന്നതാണ് വസ്‌തുത. പഞ്ചായത്ത് അംഗം മുതൽ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർക്ക് രേഖാമൂലം പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്ന് കുടുംബങ്ങൾ പറയുന്നു. പലരും ഇവിടെ വീടു വെയ്ക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ട്. എന്നാൽ നിർമാണ സാമഗ്രികൾ എത്തിക്കാനുള്ള വഴി ഇല്ലാത്തതിനാൽ വീട് നിർമാണമെന്ന സ്വപ്നവും തൽക്കാലത്തേക്ക് ഉപേക്ഷിച്ചിരിക്കുകയാണ്. എത്ര സമ്മർദ്ദമുണ്ടായാലും തങ്ങളുടെ വഴി യാഥാർത്ഥ്യമാക്കാതെ വോട്ട് ചെയ്യാനില്ലന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നാട്ടുകാർ.