മലപ്പുറം: തുവ്വൂരിലെ ആഘോഷ പരിപാടികൾക്ക് ഇനി പഞ്ചായത്തിൻ്റെ സ്റ്റീൽ പാത്രങ്ങൾ താരങ്ങളാകും. ഹരിത പ്രോട്ടോകോൾ പാലിക്കുന്നതിൻ്റെ ഭാഗമായി ആഘോഷ പരിപാടികൾക്ക് ഗ്രാമപഞ്ചായത്തിൻ്റെ സ്റ്റീൽ പാത്ര വിതരണ പദ്ധതിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്‌തു. വിവാഹം ഉൾപ്പടെയുള്ള ആഘോഷവേളകളിൽ പ്ലാസ്റ്റിക്, ഡിസ്പോസിബിൾ പാത്രങ്ങൾ ഉപയോഗിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്‌നളാണ് ഉണ്ടാക്കുന്നത്. ഇതേ തുടർന്നാണ് ആഘോഷ പരിപാടികൾക്ക് ഉപയോഗിക്കാൻ സ്റ്റീൽ പാത്രങ്ങൾ നൽകുന്ന പദ്ധതിക്ക് ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചത്.
2019 - 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്റ്റീൽ പാത്രങ്ങൾ ആവശ്യപ്പെടുന്നവർക്ക് അത് കൈകാര്യം ചെയ്യാൻ ആവശ്യമായ തൊഴിലാളികൾ ഉൾപ്പടെയാണ് നൽകുക. ഇവർക്കുള്ള കൂലി ഉപഭോക്താക്കൾ നൽകണം. അതുവഴി നാല് വനിതകൾക്ക് തൊഴിൽ നൽകാനും പദ്ധതി വഴി സാധ്യമാകും. തുവ്വൂർ ഗ്രാമപഞ്ചായത്തിൻ്റെ ശുചിത്വ പദ്ധതിക്ക് സ്റ്റീൽ പാത്ര വിതരണം ഏറെ ഗുണകരമാകും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.മുഹമ്മദ് അധ്യക്ഷത വഹിച്ചു .