മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും യാത്രക്കാരെ തട്ടിക്കൊണ്ടുപോയി പണവും ആഭരണവും കവർന്നതായി പരാതി. കാസർകോട് സ്വദേശികളായ രണ്ടുപേരെയാണ് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്. കരിപ്പൂരിൽ ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. പുലർച്ചെ മൂന്ന് മണിക്ക് എയർ ഇന്ത്യ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കാസർകോട് ഉദുമ സ്വദേശി സന്തോഷ്, അബ്ദുൾ സത്താർ എന്നിവരാണ് കൊള്ള സംഘത്തിന്‍റെ പിടിയിലായത്. വിമാനമിറങ്ങി ഓട്ടോയിൽ കോഴിക്കോട്ടേക്ക് പോകും വഴി കാറിലെത്തിയ മൂന്നുപേർ തടഞ്ഞു നിർത്തുകയായിരുന്നു. കസ്റ്റംസുകാരെന്ന വ്യാജേന കാറിൽ കയറ്റി താനൂർ കടപ്പുറത്തേക്ക് കൊണ്ടുപോയി. ക്രൂരമായി മർദിച്ച ശേഷം ഇവരുടെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തി. കടത്തിക്കൊണ്ടുവന്ന സ്വർണമെവിടെയെന്ന് ചോദിച്ചായിരുന്നു മർദനം. പിന്നീട് കൈയിലുണ്ടായിരുന്ന ഇരുപത്തിമൂവായിരം രൂപയും മൂന്നര പവന്‍റെ ആഭരണങ്ങളും തട്ടിയെടുത്ത് ചേളാരിയിൽ ഇറക്കിവിടുകയായിരുന്നു. സ്വർണ കള്ളക്കടത്തുകാരിൽ നിന്ന് വിവരം ചോർത്തി അവരെ കൊള്ളയടിക്കുന്ന സംഘമാണ് ഈ സംഭവത്തിനും പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം.
സമാനരീതിയിൽ ദക്ഷിണ കന്നട സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ചെറമംഗലം സ്വദേശി റഷീദാണ് പിടിയിലായത്. ഇയാളിൽ നിന്ന് സംഘത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.