മലപ്പുറം: പാളത്തില്‍ ഓടിക്കൊണ്ടിരുന്ന തീവണ്ടി ചുവന്ന മുണ്ടു വീശി നിര്‍ത്തിച്ച സംഭവത്തില്‍ അഞ്ച് കുട്ടികളെ പിടികൂടി പൊലീസ്. തിരൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. കോയമ്പത്തൂർ മംഗലാപുരം എക്‌സ്‌പ്രസിനു നേര്‍ക്കാണ് ചുവന്ന മുണ്ട് വീശിയത്.
തുമരക്കാവ് ക്ഷേത്രത്തിനടുത്തെ കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു ഇവര്‍. അപകടസാധ്യത സംശയിച്ച ലോക്കോപൈലറ്റ് എമർജൻസി ബ്രേക്കിട്ടാണ് ട്രയിന്‍ നിർത്തിയത്. ഉടനെ കുട്ടികൾ കടന്നുകളഞ്ഞു. അഞ്ചുമിനിറ്റ് തീവണ്ടി നിർത്തിയിട്ട ലോക്കോപൈലറ്റ് വിവരം സ്റ്റേഷൻമാസ്റ്ററെയും റെയിൽവേ സുരക്ഷാസേനയെയും അറിയിച്ചു.
റെയിൽവേ സുരക്ഷാസേന എസ്.ഐ എം.പി ഷിനോജ്, എ.എസ്.ഐ. വി.എസ് പ്രമോദ് എന്നിവർ നടത്തിയ അന്വേഷണത്തിൽ കുട്ടികൾ നിറമരുതൂർ പഞ്ചായത്തിലുള്ളവരാണെന്ന വിവരം ലഭിച്ചു. തുടര്‍ന്നാണ്, കുട്ടികളെ പിടികൂടിയത്.
ശേഷം, കുട്ടികളെ താക്കീതു ചെയ്യുകയും ചൈൽഡ് ലൈന് കൈമാറുകയും ചെയ്‌തു. കുട്ടികൾക്ക് കൗൺസലിങ് നടത്തി തെറ്റു ബോധ്യപ്പെടുത്തിയ ശേഷം ഇവരെ പറഞ്ഞയച്ചു. കുട്ടികൾ ദുരുദ്ദേശത്തോടെയാണ് മുണ്ടു വീശിയതെങ്കില്‍ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ALSO READ: സംസ്ഥാനത്ത് 20,224 പേര്‍ക്ക് കൂടി COVID 19; 99 മരണം