കോഴിക്കോട്/മലപ്പുറം : മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത് തുവ്വൂർ ( thuvvur) കൃഷിഭവനിലെ താത്‌കാലിക ജീവനക്കാരി സുജിതയെ (35) കാണാതായ സംഭവം കൊലപാതകമാണെന്ന് (Malappuram thuvvur murder) പൊലീസ്. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. തുവ്വൂർ പഞ്ചായത്തിൽ നേരത്തെ താത്കാലിക ജീവനക്കാരനായിരുന്ന വിഷ്‌ണു, അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
തുവ്വൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം റെയില്‍വേ പാളത്തിനടുത്ത് താമസിക്കുന്ന വിഷ്‌ണുവിന്‍റെ വീട്ടുവളപ്പിലാണ് ഇന്നലെ രാത്രി ഒന്‍പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. സുജിതയെ കൊലപ്പെടുത്തിയ ശേഷം എട്ട് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ വിറ്റതായാണ് വിവരം. വിഷ്‌ണുവും സുജിതയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സുജിത വിഷ്‌ണുവിന് പണം കടം നൽകിയിരുന്നു. ഇത് തിരിച്ച് ചോദിച്ചതോടെയാണ് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും തുവ്വൂർ പഞ്ചായത്തിൽ നേരത്തെ താത്‌കാലിക ജീവനക്കാരനായും ജോലി ചെയ്‌തിരുന്ന വിഷ്‌ണുവിനെ ചോദ്യം ചെയ്‌തതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞത്. സുജിതയെ അവസാനമായി ഫോൺ വിളിച്ചത് വിഷ്‌ണുവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് വിഷ്‌ണുവിലേക്ക് അന്വേഷണം എത്തിയത്.
ചോദ്യം ചെയ്‌തപ്പോള്‍ 10,000 രൂപ ആവശ്യപ്പെട്ട് സുജിത വിളിച്ചിരുന്നുവെന്നും ഇതിനു വേണ്ടിയായിരുന്നു വിളിച്ചതെന്നുമാണ് ആദ്യം പറഞ്ഞത്. തുടര്‍ന്ന് ഇരുവരുടെയും അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചു. തുടർന്ന് സുജിതയുടെ അക്കൗണ്ടില്‍ 40,000 രൂപ കണ്ടെത്തി. എന്നാൽ, വിഷ്‌ണുവിന്‍റെ അക്കൗണ്ടില്‍ കാര്യമായ പണം ഉണ്ടായിരുന്നില്ല. ഇതിനിടെ ഇയാളുടെ സഹോദരനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് കൊലപാതകത്തെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്.
വിഷ്‌ണുവിൻ്റെ വീട്ടുമുറ്റത്ത് മൃതദേഹം കുഴിച്ചുമൂടിയ നിലയിലായിരുന്നു. മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക് വിഭാഗത്തിൻ്റെ ശാസ്ത്രീയ പരിശോധനക്ക് ശേഷം സ്ഥിരീകരണമുണ്ടാകും.
സുജിതയെ കൊലപ്പെടുത്തിയത് ഓഗസ്റ്റ് 11ന് (Thuvvur Sujitha murder) : സുജിതയെ കാണാതായത് ഓഗസ്റ്റ് 11നാണ്. കാണാതായ ദിവസം തന്നെ സുജിതയെ കൊലപ്പെടുത്തി എന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. കൊലപാതകത്തിന് ശേഷം വിഷ്‌ണുവിന്‍റെ വീട്ടിലെ മാലിന്യക്കുഴിയില്‍ മൃതദേഹം തള്ളി. ഇതിന് മുകളില്‍ മണ്ണും മെറ്റലും എംസാൻഡും ഉപേക്ഷിക്കുകയും ചെയ്‌തു. അലക്ക് കല്ല് കെട്ടാനായാണ് മെറ്റൽ കൊണ്ടിട്ടത് എന്നാണ് ഇയാൾ സമീപവാസികളോട് പറഞ്ഞിരുന്നത്.
വീട്ടുമുറ്റത്തെ മെറ്റൽ കൂട്ടിയ സ്ഥലത്തെ മണ്ണ് ഇളകിക്കിടന്നത് ചോദ്യം ചെയ്‌ത പൊലീസിനോടും ഇവർ ഇത് തന്നെയായിരുന്നു പറഞ്ഞത്. എന്നാൽ, മെറ്റൽ മാറ്റിയപ്പോൾ ദുർഗന്ധമുണ്ടായി. തുടർന്ന്, സംശയം തോന്നിയ പൊലീസ് എംസാൻഡും മെറ്റലും നീക്കി മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാൽ മൃതദേഹത്തിൽ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം പുറത്തെടുക്കാനുള്ള നീക്കം താത്കാലികമായി നിര്‍ത്തിവക്കുകയായിരുന്നു. ഇന്ന് ഫോറൻസിക് സംഘമെത്തി തുടര്‍നടപടികള്‍ നടത്താനാണ് തീരുമാനം.
തുവ്വൂർ കൃഷിഭവനിലെ താത്‌കാലിക ജീവനക്കാരിയായിരുന്ന സുജിത കാണാതായ ദിവസവും ജോലിക്കെത്തിയിരുന്നു. രാവിലെ 10.30ഓടെ ഡോക്‌ടറെ കാണണം എന്ന് പറഞ്ഞാണ് കൃഷിഭവനിൽ നിന്ന് ഇറങ്ങിയത്. എന്നാൽ, തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സുജിത എത്തിയിരുന്നില്ല.
ഓഫിസ് സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പഞ്ചായത്തിലെ കുടുംബശ്രീയുടെ കാര്യങ്ങളുടെ ചുമതല ഉണ്ടായിരുന്ന താത്കാലിക ജീവനക്കാരിയുമായിരുന്നു സുജിത. കരുവാരക്കുണ്ട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. മലപ്പുറം പള്ളിപ്പറമ്പില്‍ മനോജ് കുമാറിന്‍റെ ഭാര്യയാണ് സുജിത.