മലപ്പുറം: ജില്ലയിൽ ചൊവ്വാഴ്ച മൂന്ന് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് ഒൻപതിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ തിരൂര്‍ ബി.പി. അങ്ങാടിസ്വദേശിയായ യുവതിക്കും ഇവരുടെ മൂന്ന് വയസുള്ള മകനും രോഗം സ്ഥിരീകരിച്ചു. കുവൈത്തിലെ അബ്ബാസിയയില്‍ ഭര്‍ത്താവിനും ഭര്‍ത്തൃ പിതാവിനുമൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്.
ഏപ്രില്‍ 30 ന് ഇവരുടെ ഭര്‍ത്തൃ പിതാവിന് കുവൈത്തില്‍ വെച്ച് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് മെയ് ഏഴിന് യുവതിക്കും ഭര്‍ത്താവിനും മകനും കൊവിഡ് പരിശോധന നടത്തിയിരുന്നു . എന്നാൽ ഫലം വരുന്നതിന് മുൻപ് ഗര്‍ഭിണിയായിരുന്ന യുവതി മകനൊപ്പം മെയ് ഒമ്പതിന് കുവൈത്തില്‍ നിന്നും മലപ്പുറത്ത് വീട്ടിൽ വന്നു. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം വീട്ടില്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചിരുന്നു. എന്നാൽ കുവൈത്തിൽ നടത്തിയ പരിശോധന ഫലം വരുകയും ഇവർക്ക് രോഗമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. അതേസമയം മലപ്പുറം ജില്ലയിലേക്ക് ചെന്നൈയില്‍ നിന്ന് വന്ന മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശിയായ 44കാരനും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇയാൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾ പാലക്കാട് വഴി അനധികൃതമായി മലപ്പുറത്ത് എത്താൻ ശ്രമിച്ചിരുന്നു.