മലപ്പുറം : വിഷു ദിനത്തോടനുബന്ധിച്ച് നാടുകാണി ചുരം വഴി കേരളത്തിലേക്ക് എത്തുന്ന ചരക്ക് വാഹനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്. സംസ്ഥാനത്ത് നിലവിലുള്ള ഗതാഗത നിയന്ത്രണത്തിൽ ഇളവ് വരുത്തിയതോടെയാണ് പച്ചക്കറി, പലവ്യജ്ഞനം തുടങ്ങിയ വസ്തുക്കളുമായി വരുന്ന ചരക്കുവാഹനങ്ങൾ അധികമായി എത്തുന്നത്.
കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നാടുകാണി ചുരം വഴിയുള്ള ചരക്ക് നീക്കം പാടെ നിലച്ചിരുന്നു. നിയന്ത്രണങ്ങൾ വരുന്നതിന് മുൻപ് ദിനംപ്രതി 300ൽ അധികം ചരക്ക് വാഹനങ്ങളാണ് നാടുകാണി ചുരം വഴി കേരളത്തിലേക്ക് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ വിഷു-റംസാൻ പ്രമാണിച്ച് 100ൽ പരം പച്ചക്കറി-പല വ്യജ്ഞന ചരക്ക് വാഹനങ്ങൾ ഇവിടം വഴി കേരളത്തിലേക്കെത്തുന്നുണ്ട്. അതേ സമയം കൊവിഡ് 19 ന്‍റെ വ്യാപനം കണക്കിലെടുത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്.