മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 1,350 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഏറ്റവും ഉയര്‍ന്ന രോഗ സ്ഥിരീകരണ നിരക്കാണിത്. രോഗബാധിതരായവരില്‍ 1,224 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 84 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 15 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് 743 പേര്‍ രോഗമുക്തരായതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
21,280 പേരാണ് ഇതുവരെ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. 47,015 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 7,503 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 509 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 1,488 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്‍ററുകളിലുമായി ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ നിന്ന് ഇതുവരെ 1,88,936 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഇതില്‍ 8,235 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.