മലപ്പുറം: വീടിന് മുകളിലേക്ക് മറിഞ്ഞ ഫോറസ്റ്റ് ജീപ്പ് എടുക്കാനുള്ള വനപാലകരുടെ ശ്രമം കുടുംബവും നാട്ടുകാരും തടഞ്ഞു. കരുവാരക്കുണ്ട് ആർത്തല കോളനിയിലെ വെള്ളാരം കുന്നേൽ പ്രകാശൻ്റെ വീടിന് മുകളിലേക്ക് മറിഞ്ഞ ജീപ്പ് എടുക്കാനുള്ള ശ്രമമാണ് നാട്ടുകാർ തടഞ്ഞത്. കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നൽകാതെ വാഹനം എടുക്കാൻ സമ്മതിക്കില്ലന്ന നിലപാടിലാണ് നാട്ടുകാർ.
ജൂൺ ഒൻപതിനാണ് നിയന്ത്രണം വിട്ട ഫോറസ്റ്റ് ജീപ്പ് വെള്ളാരം കുന്നേൽ പ്രകാശൻ്റെ വീടിന് മുകളിലേക്ക് മറിയുന്നത്. അപകടത്തിൽ ആറ് വനപാലകർക്ക് പരിക്കേൽക്കുകയും, വീടിൻ്റെ അടുക്കള ഭാഗം പൂർണമായി തകരുകയും ചെയ്തിട്ടുണ്ട്.
ALSO READ: 'നട്ടെല്ലുണ്ടെങ്കില്‍ കേസെടുത്ത് അന്വേഷിക്കണം' ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുധാകരന്‍
ഇതേതുടർന്ന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകാശൻ നിലമ്പൂർ സൗത്ത് ഡി.എഫ്.ഒയെ സമീപിക്കുകയും ചെയ്തിരുന്നു. വാഹനം എടുക്കുന്ന സമയത്ത് നഷ്ടപരിഹാരം നൽകാമെന്ന് ഡി.എഫ്.ഒ പറഞ്ഞതായി പ്രകാശൻ പറഞ്ഞു.
എന്നാൽ നഷ്ടപരിഹാരം നൽകാതെ വാഹനം ക്രെയിൻ ഉപയോഗിച്ച് കൊണ്ടുപോകാൻ വനപാലകർ വെള്ളിയാഴ്ച്ച ആർത്തലക്കുന്നിലെത്തി. നഷ്ടപരിഹാരം ലഭ്യമാക്കാതെ വാഹനം കൊണ്ടുപോകാൻ അനുവദിക്കില്ലന്ന നിലപാടിൽ കുടുംബവും, നാട്ടുകാരും ഉറച്ച് നിന്നതോടെ വനപാലകർ തിരിച്ച് പോകുകയായിരുന്നു.
ALSO READ: സാമൂഹിക പ്രതിബദ്ധതയുള്ള ഹ്രസ്വചിത്രങ്ങൾ നിർമിച്ച് സഹോദരങ്ങൾ
ഇനി പൊലീസിൻ്റെ മധ്യസ്ഥതയിലുള്ള ചർച്ചകൾക്ക് ശേഷമാകും തുടർ നടപടികൾ ഉണ്ടാവുക. വീട് വാസയോഗ്യമല്ലാതായ സാഹചര്യത്തിൽ മതിയായ നഷ്ട പരിഹാരം കിട്ടാതെ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നാണ് കുടുംബത്തിന്‍റെ നിലപാട്.