മലപ്പുറം:പ്രതിഷേധത്തെ തുടർന്ന് പൊന്മുണ്ടം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഹൈടെക് പ്രഖ്യാപനം ഉപേക്ഷിച്ചു. സ്കൂളിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാതെ പ്രഖ്യാപനം നടത്താൻ സമ്മതിക്കില്ലെന്ന രക്ഷിതാക്കളുടെ നിർബന്ധത്തെ തുടർന്നാണ് പ്രഖ്യാപനം ഉപേക്ഷിച്ചത്. പൊന്മുണ്ടം ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളിനാണ് ഈ ദുർഗതി. കെട്ടിടം നിർമ്മിക്കാൻ വിട്ടുനൽകിയ 1.8 ഏക്കർ സ്ഥലം തരം മാറ്റാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്.
സ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ പുതുപ്പറമ്പ് പങ്കെടുത്ത പരിപാടിയിൽ സ്വാഗത പ്രസംഗം കഴിഞ്ഞ് നാട്ടുകാർ പ്രതിഷേധിക്കുകയും ക്ലാസ് മുറികൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ഹൈടെക് ആയി പ്രഖ്യാപിച്ചാൽ സ്കൂളിൻ്റെ ഭാവിക്ക് കൂടുതൽ ദോഷം ചെയ്യുമെന്നും പറഞ്ഞു. വർഷങ്ങളായി രക്ഷിതാക്കളും കുട്ടികളും നടത്തുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന അഭിപ്രായത്തോട് നാട്ടുകാരും യോജിച്ചതോടെ പ്രഖ്യാപനം ഉപേക്ഷിക്കാൻ സംഘാടകർ നിർബന്ധിതരായി. 39 സെൻറ് സ്ഥലത്ത് പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെ ക്ലാസുകളിലായി 1700 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന ഹൈസ്കൂൾ ഹയർസെക്കൻഡറി സെക്ഷൻ പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. ഈ കെട്ടിടത്തിൻ്റെ വാടക നൽകുന്നത് രക്ഷിതാക്കളും ജില്ലാ പഞ്ചായത്തുമാണ്. എട്ട്, ഒമ്പത് ക്ലാസുകൾ പ്രവർത്തിക്കുന്നത് പലക ഡിവൈഡർ കൊണ്ട് മറച്ചതും ആസ്ബസ്റ്റോസ് ഷീറ്റിട്ടതുമായ കെട്ടിടത്തിലാണ്.