മലപ്പുറം: മൂന്ന് പതിറ്റാണ്ട് മുമ്പ് താമസമാക്കിയ വീട്ടിലേക്ക് ശരിയായ വഴിപോലുമില്ലാതെ കുടുംബം ദുരിതത്തില്‍. വഴിക്കടവ് നാരോക്കാവ് ഒന്നാംപടിയിലെ പരുത്തിയില്‍ ചാത്തന്‍കുട്ടിയുടെ കുടുംബമാണ് ദുരിതത്തില്‍ കഴിയുന്നത്. നേരത്തെ ഇവരുടെ വീട്ടിലേക്ക് ഒരു ചവിട്ടുവഴിയാണ് ഉണ്ടായിരുന്നത്. മൈനര്‍ ഇറിഗേഷന്‍ കനാലിന്‍റെ ഓരം ചേര്‍ന്നായിരുന്നു വഴി. എന്നാല്‍, കാലക്രമേണ കനാല്‍ മണ്ണും ചളിയും വന്നടിഞ്ഞ് വഴിയില്ലാതാകുകയായിരുന്നു. ഇപ്പോള്‍ കനാലും വഴിയും അന്യാധീനപ്പെട്ട അവസ്ഥയിലാണുള്ളത്.
പട്ടികജാതി പട്ടിക വിഭാഗത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്താണ് ഇവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കിയത്. വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പ്രയാസത്തിലാണ് ഈ കുടുംബം. ഇപ്പോള്‍ സമീപവാസികളുടെ റബര്‍ തോട്ടത്തിലൂടെയാണിവര്‍ സഞ്ചരിക്കുന്നത്. എന്നാൽ തോട്ടത്തിന് ചുറ്റും വേലികെട്ടിയാല്‍ ഇവര്‍ തീര്‍ത്തും ഒറ്റപ്പെടുന്ന അവസ്ഥയാണുള്ളത്.