മലപ്പുറം: നടക്കാൻ വഴിയില്ലാതെ കഷ്ടപ്പെട്ടിരുന്ന ദുരിത കാലം പിന്നിടുകയാണ് മലപ്പുറം സെന്‍റ് ജെമ്മാസ് സ്‌കൂളിന് സമീപത്തെ 20 കുടുംബങ്ങൾ. താമരക്കുഴി - മാരിയമ്മന്‍ കോവില്‍ സെന്‍റ് ജെമ്മാസ് റോഡ് യാഥാർഥ്യമാകുമ്പോൾ വർഷങ്ങൾ നീണ്ട കാത്തിപ്പിനും അവസാനമായി. നഗരഹൃദയത്തോട് ചേർന്നു നില്‍ക്കുമ്പോഴും അത്യാവശ്യ ഘട്ടങ്ങളില്‍ പോലും രോഗികളെ ചുമലിലേറ്റി ആശുപത്രിയില്‍ എത്തിക്കേണ്ട ദുരിതത്തിലായിരുന്നു ഇവർ. താമരക്കുഴി റോഡില്‍നിന്ന് 200 മീറ്റര്‍ കുത്തനെ ഉയരത്തിലാണ് 20 കുടുംബങ്ങൾ താമസിച്ചിരുന്നത്. 19-ാം വാര്‍ഡ് വികസന ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് പൂര്‍ത്തിയാക്കിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സലീന ടീച്ചര്‍ പറഞ്ഞു.
സ്വന്തം വീടിന് മുന്നിലേക്ക് ഒരു റോഡെന്ന ആഗ്രഹം ബാക്കിവെച്ചാണ് പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിനു വർഷങ്ങൾക്ക് മുൻപ് മലപ്പുറത്തിന്‍റെ ഉപഹാരം നല്‍കിയ തച്ചു ശാസ്ത്ര വിദഗ്‌ധന്‍ മലപ്പുറത്തിന്‍റെ സ്വന്തം ആശാരി വേലായുധേട്ടൻ ജീവിതത്തോട് വിടപറഞ്ഞത്. റോഡ് യാഥാർഥ്യമാകുമ്പോൾ വേലായുധന്‍ ആശാരിയുടെ വിധവ രാധ സന്തോഷത്തിലാണ്. മിക്കവരും സ്വന്തം സ്ഥലം വിട്ടുകൊടുത്താണ് റോഡിന് വേണ്ടി കാത്തിരുന്നത്. വീട്ടിലേക്ക് വഴി യാഥാർഥ്യമാകുമ്പോൾ മേച്ചോത്ത് ഫാത്തിമയും പാറയ്ക്കല്‍ വേലായുധന്‍റെ ഭാര്യ ലീലയും അടക്കമുള്ളവർ സന്തോഷം പങ്കിട്ടു. നഗരത്തിനു തൊട്ടടുത്താണെങ്കിലും റോഡില്ലാത്തതിനാല്‍ രണ്ടു കിലോമീറ്റര്‍ ചുറ്റിയാണ് ഇവര്‍ ടൗണിലെത്തിയിരുന്നത്.
2017ല്‍ ജനകീയമായി ഏറ്റെടുത്ത സ്ഥലമുപയോഗിച്ചു കോണ്‍ക്രീറ്റിങ് പൂര്‍ത്തിയാക്കി. ഇനി ബാക്കി നില്‍ക്കുന്നത് 20 മീറ്റര്‍ മാത്രം. അതുകൂടി പൂർത്തിയാകുമ്പോൾ താമരക്കുഴി ജില്ലാ കേന്ദ്രത്തിലേക്കുള്ള വാതിലായി മാറും. ഒപ്പം 20 കുടുംബങ്ങൾക്ക് ആശ്വാസവും.