മലപ്പുറം: അരീക്കോട് റവന്യൂ പട്ടയഭൂമിയില്‍ നിന്നും അനധികൃതമായി തേക്ക് മരം മുറിച്ച് കടത്താൻ ശ്രമം. എടവണ്ണ ചാത്തലൂരിലെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ നട്ടുവളർത്തിയ 13 തേക്ക് മരങ്ങളാണ് മുറിച്ച് കടത്താൻ ശ്രമിച്ചത്. ഒന്നരലക്ഷം രൂപ വിലവരുന്നതാണ് മരങ്ങള്‍.
സംഭവത്തിൽ ഭൂവുടമക്കെതിരെ വനംവകുപ്പ് കേസെടുത്തു. 1998 കാലഘട്ടത്തിൽ ലഭിച്ച പട്ടയ ഭൂമിയില്‍ മരങ്ങളില്ലായിരുന്നുവെന്നും പിന്നീട് റബ്ബറിനൊപ്പം നട്ടുവളർത്തിയ തേക്കാണ് മുറിച്ചതെന്നുമാണ് ഭൂവുടമയുടെ വാദം. മകളുടെ വിവാഹ ആവശ്യത്തിനായാണ് മരങ്ങൾ മുറിച്ചതെന്നും ഭൂവുടമ പറഞ്ഞു.
also read: കൊവിഷീൽഡ് രണ്ടാം ഡോസ് എടുത്തതോടെ ശരീരം കാന്തമായി മാറിയെന്ന് ആരോപണം
എന്നാല്‍ ഭൂരേഖകളിൽ ഇല്ലാത്ത തേക്കുമരങ്ങൾ മുറിക്കാൻ അനുമതിയില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. നേരത്തെ കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് പാസ് അനുവദിച്ചെങ്കിലും സാധുവല്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. മരം വെട്ടി വിൽപന നടത്താൻ ശ്രമിച്ചതിന് ഭൂവുടമക്ക് പിഴയും ചുമത്തുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുനിന്ന് ചന്ദനം അല്ലാത്ത എല്ലാ മരങ്ങളും വനം വകുപ്പിന്‍റെ അനുമതിയോടെ മുറിച്ചു മാറ്റമെന്ന നിയമം സർക്കാർ എടുത്ത് മാറ്റിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പതിച്ച് നൽകിയ ഭൂമിയിലെ രേഖകളിൽ ഇല്ലാത്ത തടികൾ മുറിച്ചതിന് ഭൂവുടമയ്‌ക്കെിരെ നടപടിയെടുത്തത്.