മലപ്പുറം: 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്രാന്‍സിനെതിരെ ഖത്തറില്‍ അര്‍ജന്‍റീന ലോക കിരീടം ചൂടിയപ്പോള്‍ കോളടിച്ചത് നന്നമ്പ്ര കുണ്ടൂര്‍ സിഎച്ച്എംകെഎംയുപി സ്‌കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും. ഇത്തവണത്തെ ലോകകപ്പ് അര്‍ജന്‍റീനക്ക് സ്വന്തമായാല്‍ സ്‌കൂളില്‍ കബ്‌സ വിളമ്പുമെന്ന അര്‍ജന്‍റീനയുടെ കടുത്ത ആരാധകനായ ജമാല്‍ മാഷിന്‍റെ വാക്കാണ് കുട്ടികള്‍ക്ക് കോളായത്. ലോകകപ്പ് മത്സരം ആരംഭിക്കുന്നതിന് മുമ്പ് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഫുട്‌ബോള്‍ പ്രദര്‍ശന വേദിയിലാണ് കുണ്ടൂര്‍ സ്വദേശിയായ തച്ചറക്കല്‍ ജമാല്‍ മാഷ് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വാക്ക് നല്‍കിയത്.
മാഷ് വാക്ക് നല്‍കിയതോടെ അര്‍ജന്‍റീന ആരാധകരല്ലാത്ത അധ്യാപകരും വിദ്യാര്‍ഥികളുമടക്കം അര്‍ജന്‍റീനയുടെ വിജയത്തിനായി ആഗ്രഹിച്ചിരുന്നു. ലോകകപ്പിലെ ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ ലോക കീരിടത്തില്‍ അര്‍ജന്‍റീന മുത്തമിട്ടതോടെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ വാക്ക് ജമാല്‍ മാഷ് മറന്നില്ല. തിങ്കളാഴ്‌ച ഉച്ചക്ക് തന്നെ വാക്ക് പാലിച്ച് കൊണ്ട് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാഷ് കബ്‌സ നല്‍കി.