മലപ്പുറം: വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് യോഗം നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഭരണ കാര്യാലയത്തിലേക്ക് വിദ്യാർഥി സംഘടനകൾ മാർച്ച് നടത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് എംഎസ്എഫ്, കെഎസ്‌യു, ഫ്രറ്റെണിറ്റി സംഘടനകളുടെ പ്രതിഷേധം. സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് പരിഷ്കരിക്കാൻ സിൻഡിക്കേറ്റ് യോഗം ചേരുന്ന എ.ഡി ബ്ലോക്കിലേക്കാണ് വിദ്യാർഥി സംഘടനകൾ മാർച്ച് നടത്തിയത്.
സർക്കാർ കോളജുകൾക്ക് മാത്രം നേരിട്ടുള്ള വോട്ടും സ്വാശ്രയ കോളജുകൾക്ക് പ്രാതിനിധ്യ വോട്ടും എന്ന പരിഷ്കാരത്തിനാണ് സിൻഡിക്കേറ്റ് ഒരുങ്ങുന്നത്. എസ്.എഫ്.ഐയെ സംരക്ഷിക്കാനാണ് ഈ പരിഷ്‌കരണമെന്നാണ് വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നത്. എ.ഡി ബ്ലോക്കിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. ഫ്രറ്റെണിറ്റി ജനറൽ സെക്രട്ടറി കെ.എസ് നിസാർ, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്‍റ് ഹസ്‌താഫ് എന്നിവർക്ക് ലാത്തി ചാർജിൽ പരിക്കേറ്റു.