മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയിൽ കടലില്‍ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ടാണ് കടലിൽ കുളിക്കാനിറങ്ങിയ കടലുണ്ടി സ്വദേശി മുസമിലിനെ കാണാതായത്. തിരച്ചിലിനൊടുവിൽ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് മലപ്പുറം വള്ളിക്കുന്ന് കടലുണ്ടി സ്വദേശി സലാമിന്‍റെ മകന്‍ മുസമിലിനെ കടലിൽ കാണാതായത്. കൂട്ടകാരായ ഹിലാല്‍, അഫ്‌സല്‍ എന്നിവരോടൊപ്പം കടലുണ്ടി കടവ് അഴിമുഖത്തിനടുത്ത് കുളിക്കാനിറങ്ങിയതായിരുന്നു മുസമ്മിൽ. എന്നാൽ ശക്തമായ അടിയൊഴുക്കിനെ തുടര്‍ന്ന് മൂവരും ഒഴുക്കില്‍പെട്ടു. ഹിലാലും അഫ്‌സലും നീന്തി കരയിലെത്തിയെങ്കിലും മുസമ്മിലിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇവര്‍ കുളിക്കാനിറങ്ങിയ സ്ഥലത്തിന് സമീപത്തെ പാറക്കെട്ടിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ശക്തമായ കടല്‍ക്ഷോഭവും പാറക്കെട്ടുകള്‍ ഉള്ള സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌ക്കരമായിരുന്നു. അധികൃതര്‍ വേണ്ടരീതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായം നല്‍കിയില്ലെന്ന് ആരോപിച്ച് ഇന്ന് രാവിലെ നാട്ടുകാര്‍ പരപ്പനങ്ങാടി കോഴിക്കോട് റോഡ് ആനങ്ങാടിയില്‍ മണിക്കൂറുകളോളം ഉപരോധിച്ചിരുന്നു. തുടർന്ന് കൂടുതൽ സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. മരിച്ച മുസമ്മില്‍ ഈ വര്‍ഷമാണ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്.