മലപ്പുറം: ഭൂമിക്ക് നികുതി അടക്കുന്നത് റവന്യൂ വകുപ്പ് തടഞ്ഞതില്‍ മനംനൊന്ത് ആദിവാസി യുവാവ് ആത്മഹത്യ ചെയ്തു. ചാലിയാർ പഞ്ചായത്തിലെ വെണ്ണേക്കോട് മുതുവാൻ കോളനിയിലെ ബാലൻ(40)ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. 1980 മുതൽ വെണ്ണേക്കോട് കോളനിയിലെ കുടുംബങ്ങളുടെ സ്ഥലത്തിന് പുള്ളിപ്പാടം വില്ലേജിൽ നികുതി സ്വീകരിച്ചിരുന്നു. എന്നാൽ 2015ൽ നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഇത് വനഭൂമിയാണെന്നും ദേശസാൽക്കരണത്തിൽ സർക്കാർ ഏറ്റെടുത്തതാണെന്നും നികുതി സ്വികരിക്കരുതെന്നും കാണിച്ച് പുള്ളിപ്പാടം വില്ലേജ് ഓഫിസർക്ക് കത്ത് നൽകിയതോടെയാണ് നികുതി സ്വീകരിക്കുന്നത് വില്ലേജ് ഓഫിസർ നിര്‍ത്തിവച്ചത്.
മഞ്ചേരി കോവിലകത്തെ ഉണ്ണി തമ്പുരാൻ 1968ൽ ഇഷ്ടദാനമായി കോളനി നിവാസികൾക്ക് നൽകിയ രേഖയടക്കം വനം മന്ത്രി, റവന്യൂ മന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടും സമരങ്ങൾ നയിച്ചിട്ടും നികുതി സ്വീകരിക്കാത്തതിന് എതിരെ നടപടി ഉണ്ടാകാത്തതിൽ കോളനി നിവാസികൾ നിരാശയിലായിരുന്നു. നികുതി സ്വീകരിക്കാതെ വന്നതോടെ ബാങ്ക് വായ്പകൾ അടക്കം ആദിവാസികൾക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഭാര്യ അംബികയേയും മകൻ അതുൽ കൃഷ്ണയേയും ബാങ്ക് ആവശ്യത്തിന് പറഞ്ഞയച്ച ശേഷമാണ് ബാലൻ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10ന് വീട്ടുവളപ്പിൽ.