മലപ്പുറം: വന്ദേഭാരത് എക്‌സ്‌പ്രസിന് നേരെ കല്ലേറ്. തിരുനാവായ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുന്‍പാണ് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ചില്ലിന് വിള്ളലുണ്ടായിട്ടുണ്ട്. തിരൂര്‍ സ്റ്റേഷൻ വിട്ട ട്രെയിൻ തിരുനാവായ റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുന്‍പാണ് അജ്ഞാതരുടെ ആക്രമണം.
സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി തിരൂര്‍ പൊലീസ് അറിയിച്ചു. അതേസമയം, ആര്‍പിഎഫ് കേസ് രജിസ്റ്റര്‍ ചെയ്‌തു. ലോക്കൽ പൊലീസ് വിവരം കൈമാറിയതിന്‍റെ അടിസ്ഥാനത്തില്‍ ഷൊർണൂരിൽ ട്രെയിനിന്‍റെ പ്രാഥമിക പരിശോധന നടത്തി. കാര്യമായി കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ചെറിയൊരു പാട് മാത്രമാണുള്ളതെന്നും റെയിൽവേ അറിയിച്ചു.
കല്ലേറ് ശ്രദ്ധയില്‍പ്പെട്ടതോടെ വന്ദേഭാരതിന് സുരക്ഷ കൂട്ടുമെന്ന് റെയിൽവേ അറിയിച്ചു. ബിഹാറിലും ബംഗാളിലുമടക്കം വന്ദേഭാരത് സര്‍വീസ് തുടങ്ങിയതുമുതൽ കല്ലേറുണ്ടായ വാര്‍ത്തകൾ പുറത്തുവന്നിരുന്നു. അതിവേഗം പായുന്ന ട്രെയിൻ ചില്ലുകളിലേക്ക് കല്ല് വലിച്ചെറിയുന്ന സംഭവങ്ങൾ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുകയാണ്.
കേരളത്തിൽ വന്ദേഭാരത് യാത്ര തുടങ്ങി ദിവസങ്ങൾക്കകമാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് പച്ചക്കൊടി വീശിയതോടെയാണ് വന്ദേഭാരതിന്‍റെ ഔദ്യോഗിക യാത്രയ്ക്ക് തുടക്കമായത്.