മലപ്പുറം: കരുവാരക്കുണ്ട് പഞ്ചായത്ത് വളപ്പില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ പ്രശ്ന പരിപാഹാരം. പഞ്ചായത്ത് ജീവനക്കാര്‍ നടത്തിയ പ്രതിഷേധമാണ് ഫലം കണ്ടത്. പഞ്ചായത്ത് ജീവനക്കാര്‍ കഴിഞ്ഞ ദിവസം ഓഫിസില്‍ കയറാതെ പ്രതിഷേധിച്ചിരുന്നു. പഞ്ചായത്ത് പരിസരത്തെ മാലിന്യങ്ങള്‍ പുന്നക്കാട് കളി മൈതാനത്തോട് ചേർന്ന പുറമ്പോക്ക് ഭൂമിയിൽ തള്ളാന്‍ പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ കായിക പ്രേമികളുടെ എതിർപ്പിനെ തുടർന്ന് കൊണ്ടുവന്ന മാലിന്യം കളി മൈതാനത്തോട് ചേർന്ന പുറമ്പോക്ക് ഭൂമിയിൽ തള്ളി പഞ്ചായത്ത് പ്രസിഡന്‍റും സംഘവും തിരിച്ച് പോയി. ഇതില്‍ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാലിന്യം തിരികെ പഞ്ചായത്ത് ഓഫിസിന് മുമ്പില്‍ കൊണ്ടിട്ടു. എന്നാല്‍ തിരികെ എത്തിച്ച മാലിന്യം നീക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല.
ഇതോടെ ഓഫിസ് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. മാലിന്യം നീക്കാതെ തങ്ങള്‍ ഓഫിസില്‍ കയറില്ലെന്ന് ജീവനക്കാര്‍ നിലപാടെടുത്തു. വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരുടെ സേവനങ്ങള്‍ ജീവനക്കാര്‍ ഓഫീസിന് പുറത്തിരുന്നാണ് പരിഹരിച്ചത്. പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണൻ നായരുടെ നേതൃത്വത്തിലായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.
പ്രതിഷേധം പഞ്ചായത്തിന്‍റെ പ്രവർത്തനത്തെ ബാധിക്കുമെന്നിരിക്കെ ഉച്ചയ്ക്ക് ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ മാലിന്യം ഓഫീസ് പരിസരത്തു നിന്നും നീക്കാൻ നടപടിയായി. തുടർന്ന് ഇരിങ്ങാട്ടിരിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം കഴിച്ചുമൂടുകയായിരുന്നു. ഗ്രൗണ്ടിനോട് ചേർന്ന മറ്റു മാലിന്യങ്ങളും ഉടൻ നീക്കുമെന്ന് ഭരണസമിതി അറിയിച്ചു.