മലപ്പുറം: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ മൂതൂരിൽ ആരംഭിച്ച കനിവ് ബഡ്‌സ് സ്പെഷ്യൽ സ്‌കൂളിന്‍റെ റിഹാബിലിറ്റേഷൻ സെന്‍ററിൽ പഠനോപകരണങ്ങൾ സജ്ജീകരിച്ചു. ഭിന്ന ശേഷി കുട്ടികൾക്ക് പഠനോപകരണങ്ങൾ, ഫിസിയോതെറാപ്പി ഉപകരണം, സ്പീച്ച് തെറാപ്പി ഉപകരണം, സ്മാർട്ട് ബോർഡ് സെൻസറിംഗ് എന്നിവയാണ് കുടുംബശ്രീ ഫണ്ടിൽ ഒരുങ്ങിയത്. 25 ലക്ഷം രൂപയാണ് കുടുംബശ്രീ കനിവ് ബഡ്‌സ് സ്‌കൂളിന് വേണ്ടി വകയിരുത്തിയത്. ഇതിൽ ആദ്യഘട്ടത്തിൽ പാസായ 12 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം നടത്തിയത്.
പുതിയ കെട്ടിടം പണിയുന്നതിന് വട്ടംകുളം പഞ്ചായത്ത് 12 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സെൻസർ റൂമിന്‍റെ ഉദ്ഘാടനം കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ കോർഡിനേറ്റർ ഹേമലതയും പഠനോപകരണങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലക്ഷ്മിയും പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ശ്രീജ പാറക്കലും നിർവഹിച്ചു. കമ്പ്യൂട്ടർ സ്മാർട്ട് ബോർഡിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗമായ അഡ്വക്കേറ്റ് എംപി ഫൈസൽ നിർവഹിച്ചു. ഇതോടെ ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബഡ്‌സ് സ്‌കൂൾ ആയി വട്ടംകുളം പഞ്ചായത്തിലെ മൂതൂർ കനിവ് ബഡ്‌സ് സ്‌കൂൾ മാറി.