മലപ്പുറം : ട്രോളിങ് നിരോധനം ഇന്ന് അർദ്ധ രാത്രി അവസാനിക്കാനിരിക്കെ മലപ്പുറം ജില്ലയിലെ തിരൂർ തീരദേശ മേഖലയിൽ മത്തി ചാകര. പടിഞ്ഞാറേക്കര, താനൂർ, കൂട്ടായി എന്നീ തീരദേശ മേഖലകളിലാണ് കടലിൽ നിന്ന് ആഞ്ഞു വീശിയ തിരകളോടൊപ്പം വൻ തോതിൽ മത്തി കരയിൽ എത്തിയത്. വിവരമറിഞ്ഞെത്തിയ മത്സ്യത്തൊഴിലാളികളും നാട്ടുകാരും കവറുകളിലും പാത്രങ്ങളിലും ബക്കറ്റുകളിലും മീൻ ശേഖരിച്ചു.
മത്സ്യത്തൊഴിലാളികൾ വലയും വഞ്ചിയുമായി എത്തി മത്സ്യം പിടിക്കുകയും ചെയ്‌തു. ട്രോളിങ് നിരോധനം ആരംഭിച്ചത് മുതൽ തിരൂരിലെ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലായിരുന്നു. അപ്രതീക്ഷിതമായി എത്തിയ ചാകര തൊഴിലാളികൾക്ക് താൽക്കാലിക ആശ്വാസമായി.
ട്രോളിങ് നിരോധനം പൂർത്തിയാകുന്നതോടെ മത്സ്യബന്ധനത്തിന് പോകാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് തിരൂർ തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികൾ. തിരകളില്‍ മീന്‍കൂട്ടം തുള്ളിത്തുടിച്ച് കരയിലേക്കെത്തുന്ന കാഴ്‌ച ആളുകള്‍ക്ക് കൗതുകവുമായി. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.