മലപ്പുറം: പൊന്നാനി മേഖലയിൽ കടലാക്രമണം രൂക്ഷമായതോടെ ദുരിതത്തിലായി തീരദേശവാസികൾ. അമ്പതിലധികം വീടുകളാണ് കടലാക്രമണത്തിൽ തകർന്നത്. ശക്തമായ കടലാക്രമണത്തിൽ പൊന്നാനി അഴീക്കൽ മുതൽ തൃശൂർ ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് വരെയുള്ള ഇരുപതോളം വീടുകൾ പൂർണമായും തകർന്നു. മുപ്പതോളം വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. വീടുകൾക്കുള്ളിലും പരിസരത്തും വെള്ളക്കെട്ട് രൂക്ഷമായതോടെ കടലോര നിവാസികൾ നിസഹായരായിരിക്കുകയാണ്.
പൊന്നാനി, മരക്കടവ്, വലിയപള്ളി, ഇഎംഎസ് കോളജിന്‍റെ പിൻവശം, മുറിഞ്ഞാൽ, ചുവന്ന റോഡ്, മൈലാഞ്ചിക്കാട്, പുതുപൊന്നാനി, മുനമ്പം വെളിയംകോട്, പള്ളിത്തുറ എന്നിവിടങ്ങളിൽ രൂക്ഷമായ കടലാക്രമണമാണ് ഉണ്ടായത്. പൊന്നാനി വില്ലേജ് പരിധിയിലാണ് കൂടുതൽ നാശനഷ്ടം. ജില്ലയിലെ മറ്റ് കടലോര മേഖലകളും വെള്ളക്കെട്ടിലാണ്. താനൂരിൽ 50ഓളം വീടുകൾക്കും പരപ്പനങ്ങാടിയിൽ 30ലധികം വീടുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്.