മലപ്പുറം: രാജ്യത്ത് നടക്കുന്ന പൗരത്വ സംരക്ഷണ പ്രക്ഷോഭം ഫാസിസ്റ്റ് ഭരണകൂടത്തില്‍ നിന്ന് രാജ്യത്തിന്റെ വിമോചനത്തിന് വഴിയൊരുക്കുമെന്ന് ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടീല്‍. സി.എ.എ പിന്‍വലിക്കുക, എന്‍.ആര്‍.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുയിച്ച് എസ്.ഡി.പി.ഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്ച്ചിന്റെ മലപ്പുറം ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങളുടെയും ആദിവാസി, ദലിത് വിഭാഗങ്ങളുടെയും ഐക്യപ്പെടലിലൂടെ മാത്രമേ ഇന്ത്യയുടെ വിമോചനം സാധ്യമാവൂ എന്ന് തന്റെ നീതിന്യായ വ്യവഹാരങ്ങളുടെ അനുഭവത്തില്‍ നിന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. അത് എങ്ങനെ സാധ്യമാക്കും എന്നു താന്‍ ആലോചിച്ചുവരികയായിരുന്നു. അതിനാണ് മോദിയും അമിത് ഷായും പൗരത്വ നിയമ ഭേദഗതിയിലൂടെ സാഹചര്യമൊരുക്കിയത്. അതിന് ഇരുവരോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കാളിയായി. മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിച്ച 'മേരേ പ്യാരേ ദേശ് വാസിയോം' എന്ന തെരുവരങ്ങ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി. മുട്ടിപ്പടി സ്വലാത്ത് നഗറില്‍ നിന്നാരംഭിച്ച മാര്‍ച്ച് ബൈപാസ് ജങ്ഷന്‍, മുണ്ടുപറമ്പ്, മൂന്നാംപടി, പെരിന്തല്‍മണ്ണ റോഡ്, കോട്ടക്കുന്ന് ജങ്ഷന്‍, സിവില്‍ സ്‌റ്റേഷന്‍ വഴി കിഴക്കേത്തല ജങ്ഷനില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് സി.പി.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം അഡ്വ. കെ.പി മുഹമ്മദ് ശരീഫ്, സംസ്ഥാന പ്രസിഡന്റ് പി അബ്‌ദുള്‍ മജീദ് ഫൈസി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്‍ര് നാസറുദ്ദീന്‍ എളമരം എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.