മലപ്പുറം: സ്കൂൾ വിദ്യാഭ്യാസം പൂർണമായി ഹൈടെക് ആക്കുന്നതിന് ശ്രദ്ധേയമായ രീതിയിൽ ഇടപെടുന്ന കേരള ഇൻസ്ട്രക്ടർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ജില്ലയിലെ സ്കൂൾ തെരഞ്ഞെടുപ്പും ഹൈടെക് ആക്കി മാറ്റുന്നു. ഇതിനായി മലപ്പുറത്ത് പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വോട്ടിങ് മെഷീൻ തയ്യാറായി. തെരഞ്ഞെടുപ്പ് നടത്തുന്നതിന് കൈറ്റ് മൊബൈൽ ആപ്പ് വികസിപ്പിച്ചു. മലപ്പുറം ജില്ലയിലാണ് ആദ്യമായി സ്കൂൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വോട്ടിംഗ് മെഷീൻ ഇങ്ങനെ തയാറാക്കിയിരിക്കുന്നത്.
നിയമസഭ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീൻ ഉപയോഗിക്കുന്ന വിധം കുട്ടികൾക്ക് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് വോട്ടിങ് മെഷീനുകൾ തയ്യാറാക്കിയിരിക്കുന്നത്. പൊതുമേഖല തെരഞ്ഞെടുപ്പുകളിലേതു പോലെ കൺട്രോൾ യൂണിറ്റ് ഉൾപ്പെടുന്നതാണ് വോട്ടിംഗ് യന്ത്രം. ലാപ്ടോപ്പും മൊബൈലും യഥാക്രമം കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റുമായി ഉപയോഗിക്കുന്നു.
മലപ്പുറം ജില്ലാ കലക്ടർ ജാഫർ മാലിക് സ്വന്തം വോട്ട് രേഖപ്പെടുത്തികൊണ്ട് വോട്ടിങ് മെഷീൻ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. സ്കൂളുകൾക്ക് നൽകിയ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടു 8.4 ൽ പ്രവർത്തിക്കുന്ന രീതിയിലുള്ള സോഫ്റ്റ്‌വെയറുകളാണ് തയ്യാറാക്കിയിട്ടുള്ളത്.