മലപ്പുറം: നീന്തല്‍ മത്സരം നടത്താന്‍ ജില്ലയില്‍ ചട്ടപ്രകാരമുള്ള കുളങ്ങള്‍ ഇല്ലെന്ന് പരാതി. മലപ്പുറത്ത് ജില്ലാതല യുപി വിദ്യാര്‍ഥികളുടെ നീന്തല്‍ മത്സരങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 50 മീറ്റര്‍ നീളമുള്ള കുളത്തിലാണ് നീന്തല്‍ പരിശീലനവും മത്സരവും നടത്തേണ്ടത്.
നിലവില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ നീന്തല്‍ കുളം മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കിലും മത്സരം നടത്താന്‍ ഭീമമായ തുകയാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. രണ്ടു ദിവസത്തെ ഉപയോഗത്തിന് 36,000 രൂപയാണ് സര്‍വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടത്. സ്വകാര്യ മേഖലയിലെ നീന്തല്‍ കുളങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ ഒരാഴ്‌ചത്തേക്ക് 12,000 വരെ നല്‍കേണ്ടി വരും.
ഇത്രയും തുക നല്‍കാന്‍ ഇല്ലാത്തതിനാലാണ് യുപി വിഭാഗം വിദ്യാര്‍ഥികളുടെ നീന്തല്‍ മത്സരം നിലമ്പൂര്‍ പീവീസ് പബ്ലിക് സ്‌കൂളിലെ നീന്തല്‍ കുളത്തില്‍ നടത്തിയത്. 23 മീറ്ററാണ് ഈ കുളത്തിന്‍റെ നീളം. ഇത് 25 മീറ്ററായി കണക്കാക്കിയാണ് മത്സരം നടത്തിയത്.
സര്‍ക്കാരില്‍ നിന്ന് ആവശ്യത്തിനുള്ള ഫണ്ട് ലഭിക്കുന്നില്ലെന്നതാണ് നിലവില്‍ ഈ മേഖല നേരിടുന്ന പ്രതിസന്ധിയെന്ന് ജില്ല സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് കോര്‍ഡിനേറ്റര്‍ ഡി ടി മുജീബ് പറഞ്ഞു. മത്സരാര്‍ഥികളില്‍ നിന്ന് പണം സ്വരൂപിച്ചാണ് മത്സരം നടത്തുന്നത്. മറ്റ് കായിക ഇനങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുമ്പോള്‍ നീന്തലിനെ അവഗണിക്കുന്നത് ശരിയായ നിലപാടല്ലെന്നാണ് കായിക അധ്യാപകര്‍ പറയുന്നത്.
അടുത്ത വര്‍ഷത്തെ മത്സരത്തിന് മുമ്പെങ്കിലും കൂടുതല്‍ സൗകര്യങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാവണമെന്നാണ് കായിക അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആവശ്യം.