മലപ്പുറം: സന്തോഷ് ട്രോഫി മത്സരങ്ങൾ ജില്ലയിൽ ആഘോഷമായി നടത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്‌ദുറഹ്മാന്‍. ഇതിന്‍റെ ഭാഗമായി സന്തോഷ് ട്രോഫി മത്സരങ്ങളില്‍ പങ്കെടുത്ത മുന്‍കാല താരങ്ങളെ ഉള്‍പ്പെടുത്തി സൗഹൃദ മത്സരം നടത്തുമെന്നും മന്ത്രി പറഞ്ഞു. മത്സരത്തിന്‍റെ തൊട്ടടുത്ത ദിവസങ്ങളിലായി ജനങ്ങളിൽ കാൽപ്പന്തുകളിയുടെ ആവേശമുണർത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഹന പ്രചാരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
വൺ മില്യൻ ഗോൾ പദ്ധതി ഉടന്‍
കായിക മേഖലയെ ശാക്തീകരിക്കാനുള്ള നടപടികൾ തുടരുകയാണെന്നും, അഞ്ച് ലക്ഷം സ്കൂൾ കുട്ടികളെ മുൻ കാല താരങ്ങൾ ഫുട്ബോൾ പരിശീലിപ്പിക്കുന്ന വൺ മില്യൻ ഗോൾ പദ്ധതി സന്തോഷ് ട്രോഫിയ്ക്ക് ശേഷം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം കലക്‌ടറേറ്റില്‍ സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ഉബൈദുള്ള എം.എൽ.എ അധ്യക്ഷനായി.
also read:ലോക ഒന്നാം നമ്പർ താരം വിക്‌ടർ അക്‌സെല്‍സനെ അട്ടിമറിച്ച് ലക്ഷ്യ സെൻ ഫൈനലിൽ
ഏപ്രിൽ 16 മുതൽ മെയ് രണ്ട് വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. തൃശൂർ കേച്ചേരി സ്വദേശി വി.ജെ പ്രദീപ് കുമാറാണ് സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്‌നം രൂപകൽപ്പന ചെയ്തത്.