മലപ്പുറം: എക്‌സൈസ് വകുപ്പിൽ ആദ്യ വനിതാ ഇന്‍സ്‌പെക്ടറായി സജിത തിരൂർ സ്റ്റേഷനിൽ ചുമതലയേറ്റു. ഇത് ആദ്യമായാണ് ഒരു സ്‌ത്രീ എക്‌സൈസ് വകുപ്പില്‍ നേരിട്ട് ഇന്‍സ്‌പെക്ടറായി ചുമതലയേല്‍ക്കുന്നത്. തൃശൂര്‍ ഡിവിഷണല്‍ ഓഫീസില്‍ ചൊവ്വാഴ്‌ച നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കമ്മിഷണര്‍ സജിത്ത് കുമാര്‍ സജിതയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബുധനാഴ്‌ച രാവിലെ തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ സാദത്തില്‍ നിന്നാണ് സജിത ചുമതയേറ്റത്.
പിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്കോടുകൂടിയാണ് സജിത വിജയിച്ചത്. ജോലിയുടെ ബുദ്ധിമുട്ടും ജോലിഭാരവും കാരണം സ്‌ത്രീകള്‍ പലപ്പോഴും എക്‌സൈസ് വകുപ്പില്‍ നിന്നും ഒഴിഞ്ഞുമാറുന്നതാണ് പതിവ്. എക്‌സൈസ് വകുപ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നുള്ളത് കൊണ്ടാണ് എക്‌സൈസ് വകുപ്പ് തന്നെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് സജിത പറയുന്നു. തൃശൂർ ഒല്ലൂർ തൈക്കാട്ടുശ്ശേരി ഔദപിള്ളി ദാമോദരന്‍റേയും മീനാക്ഷി അമ്മയുടേയും മകളാണ് സജിത.