മലപ്പുറം: പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനങ്ങള്‍ നടത്തിയ കെ എം ഷാജി പാണക്കാട്ടെത്തി മുസ്‌ലീം ലീഗ് അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയില്‍ ഷാജിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനങ്ങള്‍ തുടര്‍ച്ചയായി ഉന്നയിക്കുന്ന ഷാജിയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് യോഗത്തില്‍ ഉയര്‍ന്നത്.
വിദേശത്തായിരുന്ന ഷാജി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. വിവാദങ്ങളെ തുടര്‍ന്ന് ഷാജിയെ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്ടേക്ക് വിളിപ്പിക്കുകയായിരുന്നു. രാവിലെ(19.09.2022) പാണക്കാട്ടെത്തിയ ഷാജി സാദിഖലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി.
പരസ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് കെ എം ഷാജിക്ക് പാര്‍ട്ടി അധ്യക്ഷന്‍ നിര്‍ദേശം നല്‍കി. ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ ഷാജി അംഗീകരിച്ചെന്ന് കൂടിക്കാഴ്‌ചക്ക് ശേഷം സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ഷാജിയുടെ പ്രസംഗങ്ങള്‍ മാധ്യമങ്ങള്‍ വിവാദമാക്കിയതിനാലാണ് ഷാജിയെ വിളിപ്പിച്ചതെന്ന് പറഞ്ഞ സാദിഖലി തങ്ങള്‍ തുറന്ന ചര്‍ച്ച ഉണ്ടായെന്നും, ചര്‍ച്ച തൃപ്‌തികരമാണെന്നും വിശദീകരിച്ചു.
പാര്‍ട്ടിക്കെതിരെയുളള വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദികളില്‍ തന്നെ പറയണം. പുറത്ത് പറയുമ്പോള്‍ സൂക്ഷ്‌മത പാലിക്കണമെന്ന് നിര്‍ദേശിച്ചതായും സാദിഖലി തങ്ങള്‍ അറിയിച്ചു. അതേസമയം ഷാജിക്കെതിരെ നടപടിയുണ്ടാകുമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ നടക്കുന്ന അച്ചടക്ക സമിതി യോഗമായിരിക്കും തീരുമാനമെടുക്കുക.