മലപ്പുറം: പാടിക്കുന്നിൽ 14.80 ലക്ഷം രൂപ ചിലവഴിച്ച് ഏഴ് മാസം മുൻപ് നിർമാണം പൂർത്തികരിച്ച അംഗനവാടി കെട്ടിടത്തിൽ വിള്ളൽ. സംഭവത്തിൽ നിലമ്പൂർ നഗരസഭയിൽ അടിയന്തര ബോർഡ് യോഗം ചേർന്നു. വിഷയം വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. ക്രമക്കേട് കണ്ടെത്തിയാൽ കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കും. കരാറുകാരനെതിരെ ഭരണ പ്രതിപക്ഷ അംഗങ്ങൾ ഒരേ നിലപാടാണ് സ്വീകരിച്ചത്. നഗരസഭയിലെ പ്രവൃത്തികള്‍ ഇ-ടെണ്ടറിലൂടെ വിളിച്ചെടുക്കുന്ന കരാറുകാരൻ ഒരു പ്രവൃത്തിയും നല്ല നിലയിൽ തീർക്കുന്നില്ലെന്ന് സ്റ്റാന്‍റിങ് കമ്മറ്റി ചെയർമാൻമാരുൾപ്പെടെ ചൂണ്ടിക്കാട്ടി.
കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സി.പി.എമ്മിലെയും ലീഗിലെ ചില അംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും നഗരസഭയിൽ പ്രവൃത്തികള്‍ തുടരുന്ന കരാറുകാരൻ മറ്റ് പ്രവൃത്തികള്‍ പൂർത്തികരിക്കില്ലെന്ന ആശങ്കയിൽ കോൺഗ്രസ് അംഗങ്ങൾ എതിർത്തു. ഈ വിഷയത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് വൈസ് ചെയർമാൻ പി.വി. ഹംസ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിൽ നഗരസഭാ സെക്രട്ടറിയെ ഡി.വൈ.എഫ്.ഐ ഉപരോധിച്ചു. കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. 2008-ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാടിക്കുന്ന് അംഗനവാടിയുടെ നിര്‍മാണം നടത്തിയത്. എഞ്ചിനിയറിങ് വിഭാഗം ഉദ്യോഗസ്ഥർ നിര്‍മാണത്തില്‍ അപാകതയില്ലെന്ന് ഉറപ്പ് വരുത്തിയതോടെ കരാറുകാരൻ മുഴുവൻ തുകയും കൈപ്പറ്റിയിരുന്നു.