മലപ്പുറം: കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയ മൂത്തേടം കൽക്കുളം നിവാസികൾക്ക് ഇരുട്ടടിയായി പ്രദേശത്തെ കരടി സാന്നിധ്യം. കഴിഞ്ഞ നാല് ദിവസമായി പത്തോളം പേരാണ് കൽക്കുളത്ത് കരടിയെ കണ്ടത്. വ്യാഴാഴ്‌ച ഉച്ചയോടെ വനം വകുപ്പിന്‍റെ ദ്രുതകര്‍മ സേന സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല.
തിങ്കളാഴ്‌ച രാവിലെ പച്ചിലപ്പാടം സൊസൈറ്റിക്ക് സമീപം കിഴക്കേ പനയന്നാമുറിയില്‍ സോളമന്‍റെ പൊളിച്ചിട്ട തറവാട് വീട്ടിലാണ് കരടിയെ ആദ്യമായി കണ്ടത്. ആളുകള്‍ കൂടിയതോടെ തൊട്ടടുത്തുള്ള വില്‍സണിന്‍റെ കോഴിഫാമിലൂടെ കുന്നിന്‍മുകളിലേക്ക് കയറുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. തുടര്‍ന്ന് ചക്കരക്കാടന്‍ കുന്ന് ഭാഗത്തേക്ക് കടന്നു. ഇതിനിടെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ സ്ഥാപിച്ച തേനീച്ച പെട്ടികള്‍ തട്ടിമറിച്ചിട്ടാണ് കരടി പോയതെന്നും നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്തംഗം ടി. അനീഷും കുടുംബവും കരടിയെ കണ്ടു. കൂടുതല്‍ ആളുകള്‍ കരടിയെ കണ്ടതോടെ പ്രദേശവാസികള്‍ക്ക് ഭീതിയായി. ഇതോടെയാണ് വനം വകുപ്പ് സംഘത്തെ വിളിച്ചുവരുത്താന്‍ തീരുമാനമായത്.
ഡെപ്യൂട്ടി റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.എന്‍. രാകേഷിന്‍റെ നേതൃത്വത്തില്‍ ആര്‍.ആര്‍.ടി സംഘവും പടുക്ക ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ ടി. രഘുലാലിന്‍റെ നേതൃത്വത്തിൽ വനപാലകരും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.ടി. റെജിയും പൗരസമിതി അംഗങ്ങളും ചേർന്നാണ് പ്രദേശത്തെ കുന്നിന്‍ മുകളിലും മറ്റും പരിശോധിച്ചത്. ഇനിയും കരടിയുടെ സാന്നിധ്യം കണ്ടെത്തിയാല്‍ കെണി സ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ പി.എന്‍ രാകേഷ് അറിയിച്ചു.