മലപ്പുറം: മതസ്‌പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പോസ്‌റ്റുകള്‍ സമൂഹമാധ്യമത്തില്‍ പങ്കിട്ട യുവാവ് അറസ്‌റ്റില്‍. പൂക്കോട്ടുപാടം മമ്പറ്റ സ്വദേശി ഷാഹുൽ ഹമീദാണ് (24) അറസ്‌റ്റിലായത്. വിദേശത്ത് നിന്നും മടങ്ങിയെത്തിയ യുവാവിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് പൂക്കോട്ടുംപാടം പൊലീസ് പിടികൂടിയത്.
ഫേസ്‌ബുക്കിലൂടെ വിദ്വേഷജനക പരാമർശങ്ങൾ നടത്തിയതിന് പൂക്കോട്ടുംപാടം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതിയാണ് ഷാഹുൽ ഹമീദ്. വിദേശത്തായിരുന്ന ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്ത് നിന്നും മടങ്ങവെ കരിപ്പൂരില്‍ ഇറങ്ങിയ ഇയാളെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ച് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
പൂക്കോട്ടുംപാടം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വിമാനത്താവളത്തിലെത്തി കസ്‌റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇയാളെ നിലമ്പൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.