മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ മതമേലധ്യക്ഷന്‍മാരുടെ യോഗം ചേര്‍ന്നു. നിലമ്പൂര്‍ തഹസില്‍ദാര്‍ വി. സുഭാഷ് ചന്ദ്രബോസ് രോഗവ്യാപനം സംബന്ധിച്ച ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ഡോക്‌ടര്‍. കെ.കെ. പ്രവീണ ആരോഗ്യ സംബന്ധമായും കൊവിഡ് 19 പ്രതിരോധിക്കുന്നതിനുമായി ബോധവത്കരണ ക്ലാസെടുത്തു.
കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതിന്‍റെ ആവശ്യകതയും രോഗത്തിനെതിരെ നാം സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെ പറ്റിയും അവര്‍ വിശദീകരിച്ചു. വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള കൗണ്‍സിലിങ് ആവശ്യമാണെങ്കില്‍ അത് നല്‍കാന്‍ തയ്യാറാണന്ന് ഡോക്‌ടര്‍ അറിയിച്ചു. വിവാഹങ്ങളില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കരുതെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സുഗതന്‍, നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്‌ടര്‍ സുനില്‍ പുളിക്കല്‍, വിവിധ പൊലിസ് സ്‌റ്റേഷനുകളിലെ എസ്ഐമാര്‍, വിവിധ പള്ളികളില്‍ നിന്നുള്ള മതനേതാക്കള്‍, മറ്റു പുരോഹിതന്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.