മലപ്പുറം: വിമാനത്താവളത്തിൽ മകനെ വിവസ്ത്രനാക്കി പരിശോധന നടത്തിയ സംഭവത്തിൽ കസ്റ്റംസിനെതിരെ കേന്ദ്ര ധനമന്ത്രിക്കും കസ്റ്റംസ് കമ്മിഷണർക്കും പരാതി നൽകി പി വി അബ്ദുൽ വഹാബ് എംപി. ഇക്കഴിഞ്ഞ നവംബർ ഒന്നിന് എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ എം പിയുടെ മകൻ ജവാദ് അബ്‌ദുൽ വഹാബിനെയാണ് കസ്റ്റംസ് പരിശോധനയ്ക്ക് ഇരയാക്കിയത്.
എംപിയുടെ മകനാണെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ ശരീരം മുഴുവൻ പരിശോധന നടത്തുകയായിരുന്നു. ഇതിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് മജിസ്ട്രേറ്റിന്‍റെ അനുമതിയില്ലാതെ ആശുപത്രിയിൽ കൊണ്ട് പോയി അദ്ദേഹത്തെ എക്‌സ്‌റേ പരിശോധനക്കും വിധേയമാക്കിയിരുന്നു. എന്നാൽ ജവാദിന്‍റെ ശരീരത്തിൽ മുഴുവൻ പരിശോധന നടത്തിയെങ്കിലും കസ്റ്റംസിന് ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഇതോടെയാണ് സംഭവം വിവാദമായത്
അതേസമയം ഇതേ പേരിലുള്ള മറ്റൊരു യാത്രക്കാരനെ ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ ഒരു പരിശോധന നടത്തിയതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ യാത്രക്കാരെ ഉൾപ്പെടെ പരിശോധന നടത്തുന്നതിന് മുമ്പ് യാത്രക്കാരന്‍റെ അനുമതിയോ മജിസ്ട്രേറ്റിന്‍റെ അനുമതിയോ വാങ്ങിക്കണം എന്നാണ് നിയമം. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് എംപിയുടെ മകനെ ആശുപത്രിയിൽ എത്തിച്ച് കസ്റ്റംസ് എക്‌സ്‌റേ എടുത്തത്.
ഈ സംഭവത്തിലാണ് നടപടി ആവശ്യപ്പെട്ട് പി വി അബ്ദുൽ വഹാബ് എം പി പരാതി നൽകിയത്. എംപിയുടെ മകനാണെന്ന് വച്ച് പരിശോധന നടത്താതിരിക്കേണ്ട കാര്യമില്ല. അതിന് രാജ്യത്ത് നിയമവുമില്ല. എന്നാൽ എക്‌സ്‌റേ നടത്തുമ്പോൾ രാജ്യത്ത് പാലിക്കേണ്ട നിയമങ്ങൾ ഉദ്യോഗസ്ഥർ പാലിച്ചില്ലെന്ന് പി വി അബ്ദുൽ വഹാബ് എംപി പറഞ്ഞു.
ഞാൻ കസ്റ്റംസ് പരിശോധനയ്ക്ക് എതിരെയല്ല. പരാതി നൽകിയത് അവർ നടത്തിയ മനുഷ്യാവകാശ ലംഘനത്തിനെതിരെയാണ്. ഈ സംഭവത്തിൽ എന്‍റെ മകന് ഒരു പരാതിയുമില്ല. എന്നാൽ ഇനി വിമാനത്താവളത്തിൽ എത്തുന്ന മറ്റൊരു യാത്രക്കാരന് ഈ ദുരനുഭവം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് പരാതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.