മലപ്പുറം: ജനവാസ മേഖലയില്‍ കോഴിമാലിന്യം കുഴിച്ചുമൂടുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. മലപ്പുറം ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂരിലാണ് കോഴിമാലിന്യം തള്ളുന്നത് പതിവാകുന്നത്.
കോഴി അവശിഷ്‌ടങ്ങൾ സംസ്‌കരിക്കാൻ പറമ്പിൽ സംവിധാനമുണ്ടെന്ന വാദമാണ് ഭൂവുടമ ഉയർത്തുന്നതെങ്കിലും തികച്ചും അശാസ്ത്രീയമായ രീതിയിലാണ് ജനവാസ മേഖലയിൽ മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു. കടുത്ത ആരോഗ്യ ഭീഷണി ഉയർത്തുന്ന മാലിന്യപ്രശ്‌നത്തിൽ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഭൂവുടമയെ സഹായിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. വിഷയത്തില്‍ അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍ സമരപരിപാടികൾ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.