മലപ്പുറം: എടക്കരയിൽ കഴിഞ്ഞ പ്രളയത്തിൽ തകർന്ന പുന്നപ്പുഴക്ക് കുറുകെയുള്ള പുഞ്ചക്കൊല്ലി പാലം നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോളനികാർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വഴിക്കടവ് മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോളനിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പുഞ്ചക്കൊല്ലി റബ്ബർ പ്ലാന്‍റേഷൻ കോർപ്പറേഷൻ നിർമിച്ച പാലം കഴിഞ്ഞ പ്രളയത്തിൽ പാടെ തകർന്നിരുന്നു.
പാലം തകർന്നതോടെ 99 ഓളം കാട്ടുനായ്ക്ക-ചോലനായ്ക്ക കുടുംബങ്ങൾ അധിവസിക്കുന്ന പുഞ്ചക്കൊല്ലി, അളക്കൽ കോളനിവാസികൾ ഒറ്റപ്പെട്ടിരിക്കുകയാണ്. മുളകൊണ്ട് താൽക്കാലിക പാണ്ടി കെട്ടിയുണ്ടാക്കിയാണ് കുടുംബങ്ങൾ പ്രാണഭയത്തോടെ പുന്നപ്പുഴ കടക്കുന്നത്. പാലം നന്നാക്കണമെന്ന് നിരവധി തവണ ആവശ‍്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
പുഞ്ചക്കൊല്ലി കോളനിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ആര‍്യാടൻ ഷൗകത്ത് ഉദ്ഘാടനം ചെയ്തു. വി.കെ.മൊയ്തീൻക്കുട്ടി അധ‍്യക്ഷത വഹിച്ചു. ജൂഡി തോമസ്, ടി.എൻ.ബൈജു, ലത്തീഫ് മണിമൂളി, റഹിയാനത്ത്, സിന്ധുരാജൻ, ജാഫർ പുലിയോടൻ, സുകുമാരൻ, മുജീബ് എരഞ്ഞിയിൽ,സലാം എടക്കര എന്നിവർ സംസാരിച്ചു.