മലപ്പുറം: വിനോദ സഞ്ചാര മേഖലയിൽ നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കർശന നടപടിയെടുക്കുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരൂർ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥരുടെ മനോഭാവമാണ് പദ്ധതികൾ വൈകുന്നതിന് പലപ്പോഴും കാരണമാകുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ ഭാവിയും തൊഴിലില്ലായ്മയുടെ പരിഹാരവും സാമ്പത്തിക മുന്നേറ്റവും വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചാണ്. കേരളത്തിന്‍റെ ജി.ഡി.പിയുടെ പത്ത് ശതമാനം സംഭാവന ചെയ്യുന്നത് വിനോദസഞ്ചാര മേഖലയാണ്. ഈ മേഖലയിൽ തൊഴിൽ സാധ്യതകളും ജീവനോപാധികളും കണ്ടെത്തണമെന്നും മൂന്നു വർഷത്തിനിടെ ഉത്തരവാദിത്ത ടൂറിസം പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുനാവായയിൽ മാമാങ്കം ചാവേറുതറ ഹെറിറ്റേജ് മ്യൂസിയം, പടിഞ്ഞാറെക്കരയിൽ സൂര്യാസ്തമയ ബീച്ച് പാർക്ക് എന്നിവ ഉടൻ ആരംഭിക്കുമെന്നും തിരൂരിന്റെ ചരിത്ര-സാംസ്‌കാരിക പ്രാധാന്യം ഉൾക്കൊണ്ട് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
സി.മമ്മുട്ടി എം.എൽ.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വി അബ്ദുറഹ്മാൻ എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ കലക്ടർ ജാഫർമാലിക്, നഗരസഭാധ്യക്ഷൻ കെ.ബാവ, പ്രതിപക്ഷ നേതാവ് കെ.പി ഹുസൈൻ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.പത്മകുമാർ തുടങ്ങിയവര്‍ സംസാരിച്ചു.