മലപ്പുറം: മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊന്നാനിയിൽ ചേർന്ന മണ്ഡലം കമ്മറ്റിയോഗത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. പി.നന്ദകുമാറിന്‍റെ സ്ഥാനർഥിത്വത്തെ എതിർത്ത ഭൂരിഭാഗം ലോക്കൽ കമ്മറ്റികളും ടി.എം സിദ്ദീഖിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. യോഗത്തിൽ ഉയർന്ന വിമർശനങ്ങൾ സംസ്ഥാന നേതൃത്വത്തെ അറിയിക്കാം എന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്. മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി, സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലാണ് മണ്ഡലം കമ്മറ്റി യോഗം ചേർന്നത്. പി.നന്ദകുമാറിനെ സ്ഥാർഥിയാക്കാനുള്ള സംസ്ഥാന സമിതി നിർദ്ദേശം പാലോളി മുഹമ്മദ് കുട്ടി മണ്ഡലം കമ്മറ്റിയിൽ റിപ്പോട്ട് ചെയ്തു.
എന്നാൽ പൊന്നാനിയുടെ ജനമനസ് അറിയാതെയാണ് തീരുമാനമെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. ടി.എം സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ച ഭൂരിഭാഗം ലോക്കൽ കമ്മറ്റികളും ജില്ലാ കമ്മറ്റിക്ക് എതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഒടുവിൽ വിമർശനങ്ങളും,നിർദ്ദേശങ്ങളും സംസ്ഥാന നേതൃത്വത്തെ അറിയിക്കാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്. നേരത്തെ പൊന്നാനിയിലെ മണ്ഡലം കമ്മറ്റി ഓഫീസിൽ നിശ്ചയിച്ചിരുന്ന യോഗം പ്രതിഷേധങ്ങളെ ഭയന്ന് മാറാഞ്ചേരി കാഞ്ഞിരമുക്കിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ പ്രത്യേക സാഹചര്യം കണക്കിൽ എടുത്ത് മലപ്പുറത്ത് അടിയന്തര സെക്രട്ടേറിയേറ്റ് യോഗവും ചേർന്നു. മണ്ഡലം കമ്മിറ്റിയിൽ യോഗത്തിൽ റിപ്പോട്ട് ചെയ്‌ത കാര്യങ്ങൾ ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കാനാണ് അടിയന്തര യോഗം. അതേസമയം ടി.എം സിദ്ദീഖ് അല്ലങ്കിൽ പകരം പി.ശ്രീരാമകൃഷ്ണന് ഇളവുകൾ ലഭിക്കുമോ എന്ന സാധ്യത തേടാനും യോഗത്തിൽ ധാരണയായതായാണ് സൂചന.