മലപ്പുറം: ജില്ല കലക്‌ടർ കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ച വാഴക്കാട് പഞ്ചായത്തില്‍ പൊലീസ് അടച്ച റോഡ് തുറന്നുകൊടുത്ത പഞ്ചായത്ത് അംഗത്തിന് എതിരെ കേസ്. പഞ്ചായത്തിലെ പതിനാറാം വാർഡ് മെമ്പർ അഡ്വ നൗഷാദിനെതിരെയാണ് വാഴക്കാട് പൊലീസ് കേസെടുത്തത്. റോഡ് തുറക്കാൻ സഹായിച്ചവർക്കും മറ്റ് സ്ഥലങ്ങളിൽ സ്ഥാപിച്ച തടസം നീക്കം ചെയ്‌തവർക്കും എതിരെ നടപടിയുണ്ടാകുമെന്ന് ഇൻസ്പെക്‌ടർ കെ. സുശീർ പറഞ്ഞു.
കൂടുതൽ വായനയ്ക്ക്: ജീവന്‍റെ വിലയുള്ള ലോക്ക് ഡൗണാണ് സംസ്ഥാനത്തേതെന്ന് മുഖ്യമന്ത്രി
കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലായിരുന്നു വാഴക്കാട് പഞ്ചായത്തിനെ കണ്ടെയ്ൻമെന്‍റ് സോണായി ജില്ല കലക്‌ടർ പ്രഖ്യാപിച്ചത്. നിരവധി തവണ ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലാതായതോടെയാണ് വാഴക്കാട് പൊലീസ് റോഡുകൾ അടക്കാൻ മുന്നിട്ടിറങ്ങിയത്. പത്ത് മരണം നടന്ന പഞ്ചായത്തിൽ കൊവിഡിനെ പിടിച്ച് കെട്ടാനായാണ് പൊലീസ് ശക്തമായ നടപടിയുമായി രംഗത്തിറങ്ങിയത്.
പ്രധാന റോഡിൽ നിന്ന് ഉൾപ്രദേശങ്ങളിലേക്ക് കയറുന്ന മിക്ക റോഡുകളും പൊലീസ് താലൂക്ക് ദുരന്തനിവാരണ സേനയുടെ സഹായത്തോടെ അടച്ച് പൂട്ടിയിരുന്നു. രോഗികൾക്ക് പോകാനായി കൂടെയുള്ളവർക്ക് ഇത് മാറ്റാമെന്നും പൊലീസ് അറിയിച്ചിരുന്നു. എന്നാൽ റോഡ് അടച്ചതിൽ പ്രദേശ വാസികൾക്കിടയിൽ പ്രതിഷേധം ഉയരുകയും ഗ്രാമ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ പൊലീസ് അടച്ച ഭാഗം ചില സ്ഥലങ്ങളിൽ നീക്കം ചെയ്യുകയുമായിരുന്നു.