മലപ്പുറം : ''എ.സി അജിത്തിൽ നിന്നും വലിയ മാനസിക പീഡനമാണ് ഭര്‍ത്താവ് നേരിട്ടത്. ആത്മഹത്യ ചെയ്യാനുള്ള ഒരുക്കങ്ങൾ വരെ അദ്ദേഹം നടത്തി.'' അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി) ക്യാമ്പില്‍ നിന്ന് കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്‌ത പൊലീസുകാരന്‍റെ ഭാര്യയുടെ വെളിപ്പെടുത്തലാണിത്.
'അധികൃതർ ഇടപെടണം': എസ്.ഒ.ജി ക്യാമ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ എ.സി അജിത്തിനെതിരെയാണ്, എം.എസ്.പി ബറ്റാലിയന്‍ അംഗമായ പി.കെ മുബഷിറിന്റെ ഭാര്യ ഷാഹിനയുടെ ആരോപണം. ഭർത്താവിനെ ഒരു വർഷം കൂടി അരീക്കോട് ക്യാമ്പിൽ തന്നെ തുടരാൻ അനുവദിക്കണം. എ.സി അജിത്തിന്‍റേത് വ്യക്തി വൈരാഗ്യമാണ്.
ഇതിന്‍റെ പേരിൽ തന്‍റെ ഭർത്താവിന്‍റെ ജോലി സ്വാതന്ത്ര്യം ഇല്ലാതാക്കരുത്. ട്രെയിൻ കയറുന്നതിന് മുന്‍പായാണ് ഭർത്താവ് ആത്മഹത്യ ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തിയത്. അധികൃതർ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് പരാഹാരം കാണണമെന്നും ഷാഹിന ആവശ്യപ്പെടുന്നു.
കോഴിക്കോട് വടകര സ്വദേശിയും എം.എസ്.പി ബറ്റാലിയന്‍ അംഗവുമായ പി.കെ മുബഷിറിനെ വെള്ളിയാഴ്‌ച രാവിലെ ആറിനാണ് ക്യാമ്പില്‍ നിന്നും കാണാതായത്. കല്ലായിൽ നിന്നും ട്രെയിൻ കയറി തമിഴ്‌നാട്ടിലെ ഈ റോഡിലേക്ക് പോവുകയായിരുന്നു. പിന്നീട്, ഞായറാഴ്‌ച പുലര്‍ച്ചെ വടകരയിലെ വീട്ടില്‍ തിരിച്ചെത്തുകയുമായിരുന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച് കത്ത് : കാണാതായതിനെ തുടര്‍ന്ന്, ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിന്‍റെ നിർദേശപ്രകാരം അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണം നടക്കുന്നതിനിടെ മുബഷിർ ക്യാമ്പില്‍ നിന്നും വലിയ മാനസിക പീഡനത്തിന് ഇരയായതായി വ്യക്തമാക്കുന്ന അദ്ദേഹത്തിന്‍റെ കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തുടർന്ന്, പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടയിലാണ് മുബഷിര്‍ സ്വമേധയാ വീട്ടിൽ തിരിച്ചെത്തിയത്. ഭാര്യയ്ക്ക് മുബഷിര്‍ അയച്ച വാട്‌സ്‌ആപ്പ് സന്ദേശത്തെ തുടർന്ന് ഇദ്ദേഹം തമിഴ്‌നാട്ടിലെ ഈ റോഡിൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
മടങ്ങിയെത്തിയത് ലഭിച്ച ഉറപ്പില്‍ : പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്നും നാട്ടിലേക്ക് ഉടൻ തന്നെ എത്തണമെന്നും പൊലീസുകാരനോട് വടകര റൂറൽ എസ്.പി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാള്‍ മടങ്ങിയെത്തിയത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘം മുബഷിറിനെയും ഭാര്യയുടെയും അരീക്കോട് പൊലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം മഞ്ചേരി കോടതിയിൽ ഹാജരാക്കും.