മലപ്പുറം: പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് ഭവന പദ്ധതിയില്‍ വീടുനിര്‍മാണം പൂര്‍ത്തിയാക്കിയ 451 കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു. ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികള്‍ ലഭ്യമാക്കാനുള്ള പ്രത്യേക അദാലത്തും സംഗമത്തിന്റെ ഭാഗമായി നടന്നു. കുടുംബ സംഗമവും അദാലത്തും നഗരസഭാധ്യക്ഷ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്‌തു.
എട്ട് ഘട്ടങ്ങളിലായി 1,801 ഗുണഭോക്താക്കളാണ് പദ്ധതിയുടെ ഭാഗമായത്. പദ്ധതിക്കായി 29.99 കോടി രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ സഹായത്തോടെ നഗരസഭ ചിലവഴിച്ചു. ഇതില്‍ 451 ഗുണഭോക്താക്കളാണ് വീടുനിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് ലഭ്യമാക്കാന്‍ 20 സര്‍ക്കാര്‍ വകുപ്പുകളാണ് പ്രത്യേക അദാലത്തില്‍ പങ്കെടുത്തത്. സംഗമത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ തുണിസഞ്ചികൾ വിതരണം ചെയ്തു. വീടുകള്‍ സ്വാസ്ഥ്യമുള്ളതാവാന്‍ ജനകീയ ഇടപെടല്‍ അനിവാര്യമാണെന്ന സന്ദേശവുമായി വിമുക്തി ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ബി.ഹരികുമാര്‍ ക്ലാസെടുത്തു. നഗരസഭ ഉപാധ്യക്ഷന്‍ പെരുമ്പള്ളി സെയ്‌ദ് അധ്യക്ഷനായ പരിപാടിയില്‍ നഗരസഭ സെക്രട്ടറി കെ. ബാലസുബ്രഹ്മണ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.